ഷാർജ: ലോകത്തെ നാളെ നയിക്കാന്‍ പോകുന്ന പുതിയ തലമുറയുമായി സംവദിക്കുകയെന്നുളളത് പരിഭ്രമം തോന്നുന്ന കാര്യമാണെന്ന് 2022 ലെ ബുക്കർ പ്രൈസ് ജേതാവ് ഗീതാജ്ഞലി ശ്രീ. നാളത്തെ ലോകം അവരുടേതാണ്. പ്രതിസന്ധികളില്‍ നിന്നും വെല്ലുവിളികളില്‍ നിന്നും ലോകത്തെ രക്ഷിക്കേണ്ടത് അവരാണ്, ഗീതാജ്ഞലി ശ്രീ പറഞ്ഞു. ആദ്യമായാണ് ഗീതാജ്ഞലി ശ്രീ ഷാർജ അന്താരാഷ്ട്ര പുസ്തകളമേളയുടെ ഭാഗമാകുന്നത്.
ഇംഗ്ലീഷ് ഇന്ന് ആഗോള ആശയ വിനിമയത്തിന്‍റെ പ്രാഥമിക ഭാഷയാണ്. എന്നാല്‍ എല്ലാ ഭാഷകള്‍ക്കും അതിന്‍റേതായ വിപുലമായ ചരിത്രമുണ്ട്. പരസ്പരം താരതമ്യം ചെയ്യുകയെന്നുളളത് സാധ്യമല്ല,ബുക്കർ നേടിയ നോവലായ ടോംബ് ഓഫ് സാൻഡ്സിന്‍റെ രചയിതാവ് പറഞ്ഞു. പ്രാദേശിക പദാവലി വളരെ സാധാരണമായ കാലത്താണ് താന്‍ വളർന്നത്. അതുകൊണ്ടുതന്നെ ഹിന്ദി ആശ്വാസ ഭാഷയാണ്. ഹിന്ദിയിലൂടെയാണ് തനിക്ക് സ്വയം നന്നായി പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് ശ്രീ പറഞ്ഞു. എഴുത്ത് എന്നുളളത് ഓരോരുത്തരോടുമുളള സത്യസന്ധതയാണ്.എന്നാല്‍ സ്വന്തം കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായേക്കാവുന്ന വ്യത്യസ്ത കാഴ്ചപ്പാടുകളോട് സംവേദനക്ഷമത പുലർത്തുന്നത് വളരെ പ്രധാനമാണ്.നിങ്ങൾ ഒരു എഴുത്തുകാരനാണെങ്കിൽ, ഉത്സാഹത്തോടെ എഴുതുക, ചിന്തകൾ വാചാലമായി പ്രകടിപ്പിക്കുക, ബാക്കിയുള്ളവ വായനക്കാർക്ക് തീരുമാനിക്കാൻ വിടുക ഗീതാജ്ഞലി ശ്രീ കൂട്ടിച്ചേർത്തു
ഇന്ത്യയ്ക്ക് വൈവിധ്യമായ സംസ്കാരവും ഭാഷയുമുണ്ട്. അതില്‍ അഭിമാനിക്കണം. ഒരു കലാകാരനോ എഴുത്തുകാരനോ ആകുന്നത് എല്ലായ്പ്പോഴും ലാഭകരമായ പ്രവർത്തനമല്ല. നമ്മുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് അത് എങ്ങനെ നിലനിർത്താം എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണെന്നും അവർ അഭിപ്രായപ്പെട്ടു. ജോലിയുമായി എങ്ങനെ സമന്വയിപ്പിച്ച് ഓരോരുത്തരുടേയും അഭിനിവേശം പിന്തുടരാന്‍ സാധിക്കുകയെന്നുളളതും പ്രധാനമാണെന്നും ഗീതാജ്ഞലി ശ്രീ പറഞ്ഞു