പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കെപിസിസി ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തു. എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി അറിയിച്ചു. പീഡനക്കേസിൽ പ്രതിയായതോടെ നടപടിയുണ്ടാകുമെന്ന് നേരത്തെ പാർട്ടി നേതൃത്വം അറിയിച്ചിരുന്നു. എൽദോസ് കുന്നപ്പിള്ളിക്കു കോടതി ജാമ്യം നൽകിയാലും പാർട്ടി നടപടി സ്വീകരിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നേരത്തെ വ്യക്തമാക്കി. ജനപ്രതിനിധി എന്ന നിലയിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും കെപിസിസി വിലയിരുത്തി. കെപിസിസി, ഡിസിസി പ്രവർത്തനങ്ങളിൽ നിന്ന് എൽദോസിനെ മാറ്റിനിർത്തും. ആറുമാസത്തെ നിരീക്ഷണകാലയളവിനു ശേഷമാകും തുടർനടപടി.
കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
11 ദിവസമായി ഒളിവിലായിരുന്ന എംഎൽഎ മുൻകൂർ ജാമ്യം ലഭിച്ചതിനുപിന്നാലെ കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. 11 ഉപാധികളോടെയാണ് സെഷൻസ് കോടതി ജാമ്യം നൽകിയത്.. അതിനിടെ എല്‍ദോസ് കുന്നപ്പിള്ളിയെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.