ചികിത്സിക്കാതെയിരുന്നാൽ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കനാശം, മറവിരോഗം എന്നിവയിലേക്ക് എല്ലാം നയിക്കാവുന്ന രോഗാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. 140/90 എംഎംഎച്ച്ജിയിലും ഉയര്‍ന്ന രക്തസമ്മര്‍ദം അപകടകരവും അടിയന്തരമായി പരിഹാരം കാണേണ്ടതുമാണ്. അമിതവണ്ണം, അമിത മദ്യപാനം, പുകവലി, രക്തസമ്മര്‍ദത്തിന്‍റെ കുടുംബചരിത്രം, അലസമായ ജീവിതശൈലി എന്നിവയെല്ലാമാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍റെ പൊതുവായ കാരണങ്ങള്‍. എന്നാൽ ഇവയല്ലാത്ത ചില അവസ്ഥകളും രക്തസമ്മര്‍ദം ഉയരുന്ന അവസ്ഥയിലേക്ക് നയിക്കും. ഇതിൽ പ്രധാനപ്പെട്ടവ ചുവടെ:
ഉറക്കമില്ലായ്മ
മുതിര്‍ന്ന ഒരാള്‍ ആറ് മണിക്കൂറില്‍ താഴെ രാത്രിയില്‍ ഉറങ്ങുന്നത് സമ്മര്‍ദം വര്‍ധിപ്പിക്കുകയും മൂഡ് മാറ്റങ്ങള്‍ ഉണ്ടാക്കി ഹോര്‍മോണല്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഒരു രാത്രി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിർദേശിക്കുന്നത്.
കുറഞ്ഞ അളവിലുള്ള വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡിയുടെ തോത് ആവശ്യമായ അളവില്‍ നിലനിര്‍ത്തുന്നത് സമ്മര്‍ദ്ദമകറ്റാനും ഭാരം നിയന്ത്രിക്കാനുമെല്ലാം സഹായിക്കും. വൈറ്റമിന്‍ ഡി ഹൃദയത്തിന്‍റെ ആരോഗ്യവുമായും രക്തസമ്മര്‍ദവുമായുമെല്ലാം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത് രക്തസമ്മര്‍ദത്തെയും വരുതിയില്‍ നിര്‍ത്തും.
വൈറ്റമിന്‍ ഡി അഭാവം എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും മുടികൊഴിച്ചിലിന് കാരണമാകും
മരുന്നുകളുടെ അമിത ഉപയോഗം
ചെറിയ തലവേദനയോ ശരീരവേദനയ്‌ക്കോ അനാവശ്യമായി മരുന്ന് കഴിക്കുന്ന ശീലം നല്ലതല്ല. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ മരുന്നുകള്‍ കഴിക്കാവൂ. ചില മരുന്നുകള്‍ രക്തസമ്മര്‍ദത്തെ ഉയര്‍ത്തുന്നതും രക്തക്കുഴലുകളെ ചുരുക്കുന്നതുമായിരിക്കും.
സാമൂഹിക ഒറ്റപ്പെടല്‍
ദീര്‍ഘകാലത്തേക്ക് സാമൂഹികമായി ഒറ്റപ്പെട്ട് ജീവിക്കുന്നത് വിഷാദത്തിലേക്ക് നയിക്കുകയും രക്തസമ്മര്‍ദത്തെ ഉയര്‍ത്തുകയും ചെയ്യും. കൂടാതെ ശരീരത്തില്‍ സമ്മര്‍ദ ഹോര്‍മോണുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകും.
സംസ്കരിച്ച ഭക്ഷണത്തിന്റെ അമിത ഉപയോഗം
ഫാസ്റ്റ് ഫുഡ്, ചിപ്സ്, കുക്കികള്‍, ക്യാനില്‍ അടച്ച സൂപ്പ്, സോസുകള്‍ എന്നിവയിലെല്ലാം അമിതമായ അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദത്തെ നേരിട്ട് ബാധിക്കും. സംസ്കരിച്ച ഭക്ഷണങ്ങള്‍ ശരീരഭാരം വര്‍ധിപ്പിച്ചും ഹൃദയത്തിന് രക്തം പമ്പ് ചെയ്യുന്ന ജോലി ബുദ്ധിമുട്ടാക്കും. പായ്ക്ക് ചെയ്തതും സംസ്കരിച്ചതുമായ ഭക്ഷണം സ്ഥിരം കഴിക്കുന്നതും രക്ത സമ്മര്‍ദം ഉയര്‍ത്തും. രക്തത്തിലെ ഉപ്പിന്‍റെ അളവ് കൂടുമ്പോൾ അത് രക്തക്കുഴലുകള്‍ക്ക് ചുറ്റുമുള്ള കോശങ്ങളില്‍ നിന്ന് വെള്ളം വലിച്ചെടുക്കും.