ലണ്ടൻ: മാർഗരറ്റ് താച്ചർ, തെരേസ മേയ് എന്നിവരുടെ പിൻമുറക്കാരിയായി ബ്രിട്ടന്റെ പ്രധാനമന്ത്രിയായ മൂന്നാമത്തെ വനിതയായി അധികാരത്തിലേറിയതാണ് ലിസ്ട്രസ്. എന്നാൽ അധികാരത്തിലേറി 45ാം ദിവസം പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ട ഗതികേടിലാണ് ലിസ് ട്രസ്. ബോറിസ് ജോൺസനു പിൻഗാമിയായാണ് ലിസ് അധികാരമേറ്റത്. 81,326 വോട്ടുകളാണ് ലിസ് ട്രസിന് ലഭിച്ചത്. നാല് മാസത്തിനുള്ളിൽ നാല് ധനമന്ത്രിമാരെയും മൂന്ന് ആഭ്യന്തര സെക്രട്ടറിമാരെയും രണ്ട് പ്രധാനമന്ത്രിമാരെയും രണ്ട് രാജാക്കന്മാരെയും ബ്രിട്ടീഷ് ജനത കണ്ടു.
ബ്രിട്ടനിൽ പണപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഉയർന്ന നിരക്കായ 10.1 ശതമാനത്തിലെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ബ്രിട്ടീഷ് രാഷ്ട്രീയത്തിലും കയറ്റിയിറക്കങ്ങൾ അനുഭവപ്പെട്ടു. സാമ്പത്തിക വിപണിയെ ഇളക്കിമറിക്കുകയും വോട്ടർമാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുകയും സ്വന്തം പാർട്ടിപ്രവർത്തകരെ രോഷാകുലരാക്കുകയും ചെയ്ത തെറ്റായ സാമ്പത്തിക പരിഷ്കാരങ്ങളെ തുടർന്നായിരുന്നു രാജി. പാർലമെന്റിൽ വൻ ഭൂരിപക്ഷമുള്ള കൺസർവേറ്റീവ് പാർട്ടി ഒക്‌ടോബർ 28-നകം പുതിയ നേതാവിനെ തിരഞ്ഞെടുക്കും.