പതിനേഴുകാരനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് ഫ്രാൻസിൽ നാലാംദിനവും പ്രതിഷേധം കനക്കുന്നു. വിവിധ ഭാഗങ്ങളിൽ കലാപം രൂക്ഷമായതോടെ യുഎഇ എംബസി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. പ്രകടനസ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആണ് പൗരന്മാരോട് പാരീസിലെ യുഎഇ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.
കലാപം വ്യാപിച്ചതോടെ തെരുവുകളിൽ 45,000 പോലീസുകാരെയും നിരവധി കവചിത വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്. പലയിടങ്ങളിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പൊതുഗതാഗത സംവിധാനങ്ങൾക്കുനേരെ വ്യാപക ആക്രമണം ഉണ്ടായതോടെ പാരിസിൽ ബസ്, ട്രാം സർവീസുകൾ നിർത്തി. കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രക്ഷോഭകർ വാഹനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീയിട്ടതായും ബാങ്കുകൾ കൊള്ളയടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതുവരെയായി മുന്നൂറിൽ അധികം പൊലീസ് ഉദ്യോഗസ്ഥർക്ക് അക്രമണങ്ങളിൽ പരുക്കേറ്റു. കലാപകാരികളായ 700 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ട്രാഫിക് പരിശോധനയ്ക്കിടെയാണ് കൗമാരക്കാരനായ നയ്‌ലിനെ പൊലീസ് വെടിവച്ചത്. അൾജീരിയൻ – മൊറോക്കൻ വംശജനായ നയീൽ എന്ന പതിനേഴുകാരനെയാണ് വാഹനപരിശോധനയ്ക്കിടെ പൊലീസ് അകാരണമായി വെടിവച്ചത്. ഇയാൾ പൊലീസിനുനേരെ വണ്ടിയോടിച്ച് വന്നതിനാലാണ് വെടിവച്ചതെനന്നായിരുന്നു പൊലീസ് വാദം. എന്നാൽ സിസി ടീവീ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു. നയീലിനു നെഞ്ചിലാണ് വെടിയേറ്റത്. വെടിയുതിർത്ത പൊലീസുകാരനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ സ്വകാര്യകരുതൽ തടങ്കലിലേക്കുമാറ്റി.