രണ്ട് ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ ശാസ്ത്രജ്ഞരെ പരമോന്നത ശാസ്ത്ര പുരസ്‌കാരം നല്‍കി ആദരിച്ച് അമേരിക്ക. അശോക് ഗാഡ്ഗിലും സുബ്ര സുരേഷുമാണ് നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഗാഡ്ഗിലിനും സുരേഷിനും മെഡലുകള്‍ സമ്മാനിച്ചത്. മികച്ച സംഭാവനകള്‍ക്ക് പ്രത്യേക അംഗീകാരത്തിന് അര്‍ഹരായ വ്യക്തികള്‍ക്കാണ് നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി നല്‍കുന്നത്.
ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ സിവില്‍, എന്‍വയോണ്‍മെന്റല്‍ എഞ്ചിനിയറിംഗിലെ പ്രൊഫസറാണ് അശോക് ഗാഡ്ഗില്‍. വികസ്വര രാജ്യങ്ങളില്‍ ശുദ്ധമായ കുടിവെള്ളം, ഊര്‍ജ കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിന് ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധ കേന്ദ്രീകരിച്ചു. മുംബൈയില്‍ ജനിച്ച ഗാഡ്ഗില്‍ മുംബൈ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാണ്‍പൂരില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീട്, ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ എംഎസ്സിയും പിഎച്ച്ഡിയും നേടി.
ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറാണ് സുബ്ര സുരേഷ്. എഞ്ചിനീയറിംഗ്, ഫിസിക്കല്‍ സയന്‍സ്, ലൈഫ് സയന്‍സ്, മെഡിസിന്‍ എന്നിവയിലാണ് അദ്ദേഹത്തിന്റെ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുംബൈയില്‍ ജനിച്ച സുരേഷ് മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിടെക് ബിരുദം നേടി. പിന്നീട്, അയോവ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും കേംബ്രിഡ്ജിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ പിഎച്ച്ഡിയും നേടി.