ജക്കാർത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയ്ക്ക് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
കടലിനടിയിലാണ് ഭൂചലനം ഉണ്ടായതെങ്കിലും വലിയ തിരമാലകൾക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാവയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
പസഫിക് സമുദ്രത്തിലെ ‘റിംഗ് ഓഫ് ഫയർ’ എന്നറിയപ്പെടുന്ന അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഇവിടെ ഭൂചലനങ്ങളും അഗ്നിപർവ്വത സ്‌ഫോടനങ്ങളും പതിവാണ്. 2022-ൽ ജാവയിലുണ്ടായ ഭൂചലനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.

