പാകിസ്ഥാനിൽ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഷെഹബാസ് ഭരണകൂടം. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മൂലം സാമ്പത്തിക ഞെരുക്കം ശക്തമായതോടെയാണ് പാകിസ്ഥാനിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. ഹോര്‍മുസ് പ്രതിസന്ധി എണ്ണ വരവിനെ പൂര്‍ണ്ണമായി ബാധിച്ചു കഴിഞ്ഞു. പെട്രോള്‍, ഡീസല്‍ വില കുതിച്ചിയറുകയാണ്. പാകിസ്ഥാൻ എണ്ണ വാങ്ങലിന്റെ സിംഹഭാഗവും ഹോര്‍മുസ് വഴിയായിരുന്നു. യുദ്ധത്തിന് തൊട്ടുപിന്നാലെ പാകിസ്ഥാന്‍ സര്‍ക്കാര്‍ പെട്രോള്‍ വില ഉയര്‍ത്തിയിരുന്നു. ഇത് പാക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റത്തവണ വര്‍ധനകളില്‍ ഒന്നായിരുന്നു. അതും രാത്രി പ്രധാനമന്ത്രി പ്രത്യേക വാര്‍ത്ത സമ്മേളനത്തിലൂടെയാണ് വില വര്‍ധന പ്രഖ്യാപിച്ചത്. ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള എണ്ണവില പറന്നതോടെ പാക് സര്‍ക്കാരിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഇന്ധനം ലാഭിക്കുന്നതിനുള്ള നടപടികളാണ് ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ തേടുന്നത്.
ഇതോടകം രാജ്യത്ത് ഇന്ധനവില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. പണപ്പെരുപ്പം കാരണം അവശ്യവസ്തുക്കള്‍ക്ക് അടക്കം തീവിലയാണ്. വസ്തുക്കൾക്കും ദൗർലഭ്യമായി. പണം നല്‍കിയാലും സാധനങ്ങൾ നല്‍കാനില്ല എന്നതാണ് വാസ്തവം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണ് തീരുമാനം. ഔദ്യോഗിക അത്താഴങ്ങളും ഇഫ്താര്‍ പാര്‍ട്ടികള്‍ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ടാഴ്ചത്തേക്ക് സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവര്‍ത്തിക്കും. മറ്റു ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മാറിയിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ വകുപ്പുകളിലെ 50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസുകളില്‍ എത്തിയാല്‍ മതിയാകും. പൊതുമേഖലാ ജീവനക്കാരില്‍ 50 ശതമാനം വീട്ടില്‍ നിന്ന് ജോലി ചെയ്യണം. പൊതുമേഖലാ ജോലിസ്ഥലങ്ങള്‍ ആഴ്ചയില്‍ നാല് ദിവസം പ്രവര്‍ത്തിക്കും. അവശ്യ സേവനങ്ങളെയും, ബാങ്കിംഗ് മേഖലയും ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കി. രണ്ട് മാസത്തേക്ക് 60 ശതമാനം സര്‍ക്കാര്‍ വാഹനങ്ങളും പ്രവര്‍ത്തിക്കില്ല. ഫെഡറല്‍, പ്രവിശ്യാ നിയമസഭകളിലെ അംഗങ്ങളുടെ ശമ്പളം രണ്ട് മാസത്തേക്ക് 25 ശതമാനം കുറയ്ക്കും. ഫെഡറല്‍, പ്രവിശ്യാ കാബിനറ്റ് അംഗങ്ങള്‍ക്ക് അടുത്ത രണ്ട് മാസത്തേക്ക് ശമ്പളവും, അലവന്‍സും ഇല്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്ള ഇന്ധന അലവന്‍സുകള്‍ അടുത്ത രണ്ട് മാസത്തേക്ക് 50 ശതമാനം കുറച്ചിട്ടുണ്ട്. 3,00,000 രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള ഫെഡറല്‍, പ്രവിശ്യാ ഓഫീസുകളിലെ ബിഎസ്- 20 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രണ്ട് ദിവസത്തെ ശമ്പളം വേണ്ടെന്ന് വയ്ക്കും. മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിദേശ സന്ദര്‍ശനങ്ങള്‍ നിയന്ത്രണം ഏർപ്പെടുത്തി. ആംബുലന്‍സുകള്‍, പൊതു ബസുകള്‍ തുടങ്ങിയ അവശ്യസേവനങ്ങള്‍ക്ക് മാത്രം ഇളവ് അനുവദിച്ചിട്ടുണ്ട്.

