കഴിഞ്ഞ ഫെബ്രുവരി 24ന് റഷ്യ യുക്രൈനുമേൽ യുദ്ധം ആരംഭിച്ചതോടെ ഏറെ പ്രതിസന്ധികളിലൂടെയാണ് യുക്രൈൻ കടന്നുപോവുന്നത്. ഈ മാസം 10 നു ശേഷം യുക്രെയ്നിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് മുന്നൂറിലേറെ മിസൈലാക്രമണങ്ങളാണു റഷ്യ നടത്തിയത്. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 30% ഊർജനിലയങ്ങൾ ആക്രമണത്തിൽ തകർന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. ഊർജനിലയങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടരുമെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്
ഊർജനിലയങ്ങൾ തകർന്നതോടെ രാജ്യത്തെങ്ങും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. ജലവിതരണ സംവിധാനവും പൊതുഗതാഗതവും താറുമാറായി. റഷ്യ കയ്യടക്കിയ തെക്കൻ നഗരമായ ഖേഴ്സൻ തിരിച്ചുപിടിക്കാനായി വൻതോതിലുള്ള സേനാവിന്യാസവുമായി യുക്രെയ്ൻ മുന്നോട്ടുപോകുന്നതിനിടെയാണ് രാജ്യത്തെ മൂന്നിലൊന്ന് ഊർജനിലയങ്ങളും റഷ്യൻ ആക്രമണത്തിൽ തകർന്നത്. ഇതോടെ രാജ്യവ്യാപകമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു.