റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ച് കഴിഞ്ഞ ദിവസം ഒരു വർഷം തികഞ്ഞതോടെ റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ തീർത്തിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. കഴിഞ്ഞ ഫെബ്രുവരി 24ന് ശേഷം റഷ്യയ്ക്ക് മേൽ യൂറോപ്യൻ യൂണിയൻ ചുമത്തുന്ന പത്താമത്തെ ഉപരോധനീക്കം ആണിത്. റഷ്യയ്ക്ക് നിലവിൽ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾക്ക് തടയിടുന്നതിനും, റഷ്യ യുക്രൈന് മേൽ പ്രയോഗിക്കുന്ന ഉപകരണങ്ങളുടെ സ്പെയർപാർട്സിന്റെ ലഭ്യത ഇല്ലാതാക്കാനുമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പുതിയ പദ്ധതിക്കെതിരെ പോളണ്ട് തടസ്സം ഉയർത്തിയതിനെ തുടർന്ന് ഇന്നലെ വളരെ വൈകിയാണ്അനുമതി ലഭിച്ചത്. യുക്രൈന് ഏറെ സഹായകരമാകുന്ന ഉപരോധങ്ങളാണ് റഷ്യയ്ക്കെതിരെ പുതിയ ഉപരോധ നീക്കത്തിൽ ഉള്ളതെന്ന് യൂറോപ്യൻ യൂണിയൻ ട്വിറ്ററിലൂടെ അറിയിച്ചു.
റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ പുതിയ ഉപരോധം അനുസരിച്ച് റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിംഗ് ശൃംഖലയായ ആൽഫ ബാങ്ക്, ടിൻകോഫ് എന്നീ സ്ഥാപനങ്ങളെ സ്വിഫ്റ്റിൽ ( സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർ ബാങ്ക് ഫിനാൻഷ്യൽ ടെലി കമ്മ്യൂണിക്കേഷൻ ) നിന്ന് ഒഴിവാക്കും. അതുപോലെ പുതിയ പദ്ധതിയിലൂടെ യൂറോപ്യൻ യൂണിയനും റഷ്യയുമായുള്ള 10 ബില്യൺ യൂറോയുടെ വ്യാപാരബന്ധം അവസാനിപ്പിക്കുകയും ചെയ്യും. ഇവ കൂടാതെ റഷ്യൻ പ്രചാരകറെന്ന് പശ്ചാത്യ രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്ന രാജ്യങ്ങൾ, യുക്രൈനിലെ കുട്ടികളെ റഷ്യയിലേക്ക് നാടുകടത്തുന്നവർ, ഇറാനിയൻ ഡ്രോണുകളുടെ നിർമ്മാണത്തിൽ ഏർപെടുന്നവർ തുടങ്ങിയവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും.
റഷ്യൻ റബറിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉപരോധത്തിന് ശക്തി പോരാ എന്ന് പറഞ്ഞാണ് പോളണ്ട് തടസ്സം നിന്നത്. ഏറെനേരത്തെ ചർച്ചകൾക്കൊടുവിലാണ് പോളണ്ട് സമരസപ്പെടുന്നതും പുതിയ നീക്കത്തിന് അനുമതി ലഭിക്കുന്നതും. യൂറോപ്യൻ യൂണിയന്റെ നിയമമനുസരിച്ച് യൂണിയനിൽ അംഗങ്ങളായ 27 രാജ്യങ്ങളും അനുമതി നൽകിയാൽ മാത്രമേ ഒരു കാര്യം നടപ്പിലാക്കാൻ സാധിക്കുകയുള്ളു. പോളണ്ട് തടസ്സം നിന്നതിനെതിരെ മറ്റു രാജ്യങ്ങൾ അതൃപ്തി പ്രകടിപ്പിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും മറ്റു രാജ്യങ്ങൾ പറഞ്ഞതായി യൂണിയൻ നേതൃത്വം ട്വിറ്ററിൽ അറിയിച്ചു.