മാൽദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയിൽ പാർലമെൻ്റിന്റെ അംഗീകാരത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെ മാൽദ്വീപ് പാർലമെൻ്റിൽ പ്രോഗ്രസീവ് പാർട്ടി ഓഫ് മാൽദ്വീപ് (പിപിഎം), പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) അംഗങ്ങളും മാൽദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി), ദ് ഡെമോക്രാറ്റ്സ് അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി എംപിമാർക്ക് പരുക്കേറ്റു. ഒരു എംപിയുടെ തലക്ക് പരിക്കേറ്റു. മുയിസുവിന്റെ മന്ത്രിസഭയിലെ നാല് അംഗങ്ങൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന വോട്ടടുപ്പിനിടെയാണ് സംഘർഷം. ഇതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭ ഭരണത്തിൽ തുടരുന്നതുമായി ബന്ധപ്പെട്ടുള്ള നിർണായക പാർലമെന്റ് സമ്മേളനം പ്രതിപക്ഷ അംഗങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചതോടെയാണ് കയ്യാങ്കളിയായത്. മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ പാർലമെന്റിന്റെ അംഗീകാരം നേടുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, മുയിസുവിന്റെ 22 അംഗ മന്ത്രിസഭയിലെ നാല് അംഗങ്ങൾക്ക് അംഗീകാരം നൽകാൻ പ്രതിപക്ഷ കക്ഷികൾ തയാറാകാതെ വന്നതോടെയാണ് സംഘർഷം രൂപപ്പെട്ടത്.
വിയോജിപ്പ് പ്രകടിപ്പിക്കാൻ ചില എംപിമാർ സംഗീതോപകരണങ്ങൾ ഉൾപ്പെടെ വായിച്ചപ്പോൾ ചേംബറിനുള്ളിൽ സ്പീക്കർ ചെവി പൊചത്തിപ്പിടിക്കുന്നത് ഉൾപ്പെടെ കാണാമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ പ്രവേശിക്കുന്നത് ഭരണകക്ഷി എംപിമാർ തടയുകയായിരുന്നു. സ്പീക്കറുടെ ചേംബറിൽ കയറി വോട്ടിംഗ് കാർഡുകളും ഭരണകക്ഷി എംപിമാർ എടുത്തുകൊണ്ട് പോയി. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. ശബ്ദം സഹിക്കാതെ വന്നതോടെ മാൽദ്വീപ് പാർലമെൻ്റ് സ്പീക്കർ ചെവി പൊത്തിപ്പിടിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. അറ്റോർണി ജനറൽ അഹമ്മദ് ഉഷാം, ഭവന, ഭൂമി, നഗര വികസന മന്ത്രി ഡോ. അലി ഹൈദർ, ഇസ്ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് ഷഹീം അലി സഈദ്, സാമ്പത്തിക വികസന മന്ത്രി മുഹമ്മദ് സഈദ് എന്നിവർക്കാണ് അംഗീകാരം നൽകാത്തത്.