ഗാസ മുനമ്പിൽ ഹമാസുമായുള്ള ഇസ്രയേലിന്റെ പോരാട്ടം 23-ാം ദിവസത്തിലേക്ക് കടന്നു. ഇസ്രായേൽ സൈന്യം ഇപ്പോഴും ആക്രമണം തുടരുകയാണ്. ഹമാസ് ഭീകരർക്കെതിരായ വ്യോമാക്രമണം വർധിപ്പിച്ചിട്ടുണ്ടെന്നും ഈ പ്രദേശം ഒരു യുദ്ധക്കളമാകുമെന്നും ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വടക്കൻ ഗാസ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.
അതിനിടെ ഗാസയിൽ ഹമാസിനെതിരെ യുദ്ധത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചെന്ന് ടെൽ അവീവിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ശത്രുവിനെ ഭൂമിക്ക് മുകളിലും താഴെയും നിന്ന് ഉന്മൂലനം ചെയ്യുമെന്നും വ്യക്തമാക്കി. ഹമാസുമായുള്ള യുദ്ധം, അതിജീവനത്തിനായുള്ള ഇസ്രായേലിന്റെ പോരാട്ടമാണ്. ഗാസയിൽ നടത്തുന്ന ഗ്രൗണ്ട് ഓപ്പറേഷന്റെ രണ്ടാം ഘട്ടം ദീർഘവും കഠിനവുമായ ക്യാമ്പയിനായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇസ്രയേലിന്റെ പ്രതികാര ആക്രമണം ആരംഭിച്ചതിനുശേഷം ഗാസയിൽ മരിച്ചവരുടെ എണ്ണം 8,000 കവിഞ്ഞെന്ന് ഹമാസിന്റെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം 1,400 ആയി. അതേസമയം, ഗാസ മുനമ്പിലെ വന്‍തോതിലുള്ള കര ആക്രമണം വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ ചീഫ് വോള്‍ക്കര്‍ ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതുവരെ നടന്ന എല്ലാ യുദ്ധങ്ങളും നോക്കുമ്പോള്‍ ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം ഏറ്റവും ഭയാനകമാണെന്ന് പറയാന്‍ കഴിയും.കാരണം കരയിലൂടെയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ ഇവിടെ വലിയ തോതില്‍ നടക്കുന്നുണ്ട്. ഇത് വിനാശകരമായ ഫലങ്ങളിലേക്ക് നയിക്കും.ആയിരകണക്കിന് ആളുകളുടെ മരണത്തെ ഞാന്‍ ഭയപ്പെടുന്നു. ഈ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിക്കണമെന്നും വോള്‍ക്കര്‍ ആഹ്വാനം ചെയ്തു.