ഗാസയിലെ ഹമാസിന്റെ വിശാലമായ തുരങ്ക ശൃംഖല കണ്ടെത്തി പ്രവർത്തനരഹിതമാക്കാൻ തുടങ്ങിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേൽ സൈന്യം ഗാസ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതായും പ്രദേശം ഭരിക്കുന്ന ഭീകര സംഘടനയായ ഹമാസിനെതിരെ പിടിമുറുക്കിയതായും പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഒരു മാസം പൂർത്തിയാക്കിയ യുദ്ധം ഹമാസ് ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ശക്തിയോടെയാണ് മുന്നോട്ട് നീങ്ങുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഓരോ മണിക്കൂറിലും ഇസ്രയേൽ സൈനികർ ഭീകര സംഘത്തിന്മേൽ സമ്മർദം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെത്തിയ കരസേനയ്ക്കും കവചിത വാഹനങ്ങൾക്കും ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, അത് ഹമാസും അവരുടെ അടിസ്ഥാന സൗകര്യങ്ങളും അവരുടെ കമാൻഡർമാരും ബങ്കറുകളും ആശയവിനിമയ മുറികളും മാത്രമാണെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. മറുവശത്ത്, തങ്ങളുടെ പോരാളികൾ ഇസ്രയേലി കരസേനയ്ക്ക് കനത്ത നഷ്‌ടം വരുത്തിയെന്ന് ഹമാസും അവകാശപ്പെട്ടു.
വിപുലമായ തുരങ്ക ശൃംഖല തകർക്കാൻ രാജ്യത്തെ എഞ്ചിനീയറിംഗ് കോർപ്‌സ് സ്ഫോടക വസ്‌തുക്കൾ വിന്യസിക്കുകയാണെന്ന് ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്‌മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതു മുതൽ, ഇസ്രയേൽ സൈന്യം മാരകമായ വ്യോമാക്രമണത്തിലൂടെ പ്രതികരിക്കുകയും ഗാസ മുനമ്പിലെ കര പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്‌തിരുന്നു. യുദ്ധം ഗാസയിൽ മാത്രം 10,000-ലധികം പേരുടെ ജീവനെടുക്കുകയും, ഇസ്രയേലിൽ 1,400ലധികം പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്‌തിരുന്നു.
അതിനിടെ, മിഡിൽ ഈസ്‌റ്റിലേക്ക് അപ്രതീക്ഷിത യാത്ര നടത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ദുരിതബാധിതരായ സാധാരണക്കാർക്ക് ഗാസയിലേക്ക് സഹായം എത്തിക്കാൻ അനുവദിക്കുന്നത് ഉൾപ്പെടെ ഇസ്രയേൽ-ഹമാസ് യുദ്ധത്തെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് ടോക്കിയോയിലെ തന്റെ ജി 7 സഖ്യകക്ഷികളിൽ നിന്ന് സമവായം തേടി.