യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയ്ക്ക് പിന്നാലെ അസാധാരണമായ ഒരു പ്രസ്താവന പുറത്തിറക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ്. “എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതുൾപ്പെടെയുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഉടനടി നടപ്പിലാക്കാൻ ഇസ്രായേൽ തയ്യാറാണ്” നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. ശനിയാഴ്ച രാത്രി വൈകിയാണ് ഈ പ്രസ്താവന പുറത്തിറക്കിയത്.
ഇസ്രായേലിന്റെ തത്വങ്ങൾക്കും ട്രംപിന്റെ ദർശനത്തിനും അനുസൃതമായ രീതിയിൽ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപും സംഘവുമായി ഇസ്രായേൽ തുടർന്നും പ്രവർത്തിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. എന്നിരുന്നാലും, ബന്ദികളുടെ സുരക്ഷിതമായ മോചനം ഉറപ്പാക്കാൻ ഗാസയിൽ ആക്രമണം നിർത്തണമെന്ന ട്രംപിന്റെ അഭ്യർത്ഥനയെക്കുറിച്ച് പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല.
ഗാസ നഗരം പിടിച്ചെടുക്കാനുള്ള സൈനിക നീക്കം നിർത്താൻ ഇസ്രായേൽ രാഷ്ട്രീയ നേതൃത്വം സൈന്യത്തോട് ഉത്തരവിട്ടതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. പ്രവർത്തനങ്ങൾ ഇപ്പോൾ “മിനിമം ലെവലിലേക്ക്” ചുരുക്കി പ്രതിരോധ നടപടികൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. യുഎസും ഇസ്രായേലും ഉദ്യോഗസ്ഥർ തമ്മിൽ രാത്രി മുഴുവൻ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം.
ഇന്ത്യയും ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി സ്വാഗതം ചെയ്തിരുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിന്റെ സൂചനകൾ ഒരു പ്രധാന ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണായക പുരോഗതിയിലേക്ക് നീങ്ങുന്നതിനാൽ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു” എന്ന് പ്രധാനമന്ത്രി മോദി എക്സിൽ പോസ്റ്റ് ചെയ്തു.