ഇറാനുമായുള്ള ബന്ധം വഷളാകുന്നതിനിടെ അമേരിക്കയുടെ യുഎസ്എസ് അബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലും പടക്കപ്പലുകളും മിഡിൽ ഈസ്റ്റിലെത്തി. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന നടപടികൾ തുടർന്നാൽ വ്യോമാക്രമണത്തിന് ട്രംപ് ഉത്തരവിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. കപ്പലുകൾക്ക് പുറമെ യുഎസ് വ്യോമസേനയുടെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ പോർവിമാനങ്ങളും മേഖലയിലെ താവളങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. അതേസമയം ഏതെങ്കിലും തരത്തിലുള്ള ആക്രമണം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. നിലവിലെ സാഹചര്യം മിഡിൽ ഈസ്റ്റിൽ മറ്റൊരു വലിയ യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ലോകം. ചർച്ചകൾക്കുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും എന്നാൽ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ സമാധാന ചർച്ചകൾക്ക് സാധ്യതയുള്ളൂ എന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകൾ അയച്ചതിന് പിന്നാലെയാണ് ഇറാൻ മുന്നറിയിപ്പ്. ചെറിയ ആക്രമണം പോലും കഠിനമായ തിരിച്ചടിക്ക് കാരണമാകും. തങ്ങളുടെ പക്കലുള്ള എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
ഈ പ്രസ്താവന മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ വർദ്ധിപ്പിക്കുന്നുണ്ട്.

