തുറന്ന മനസ്സോടെയാണ് ഇസ്ലാമാബാദിൽ ചർച്ചക്കായി എത്തിയതെന്നും എന്നാൽ കരാർ ഒന്നുമാവാതെ കരാർ ഒന്നുമാവാതെ അമേരിക്കയിലേക്ക് മടങ്ങുകയാണ് എന്നും ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
“നമ്മൾ ഇറാനികളുമായി നിരവധി വിഷയങ്ങളിൽ അർത്ഥവത്തായ ചർച്ചകൾ നടത്തിയിട്ടുണ്ട് എന്നതാണ് നല്ല വാർത്ത. മോശം വാർത്ത എന്തെന്നാൽ നമ്മൾ ഒരു കരാറിൽ എത്തിയിട്ടില്ല എന്നതാണ്. അമേരിക്കയെക്കാൾ ഇറാന് അത് മോശം വാർത്തയാണെന്ന് ഞാൻ വിശ്വസിക്കുന്നു.”- പത്രസമ്മേളനത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. മൂന്ന് മിനിറ്റ് നീണ്ട പ്രസംഗത്തിൽ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ‘നിരവധി കാര്യമായ ചർച്ചകൾ’ നടത്തിയതായി യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു. എന്നാൽ, ഗൾഫ് മേഖലയിലുടനീളം ദീർഘകാല സമാധാനം ഉറപ്പാക്കാൻ കഴിയുന്ന ഒരു കരാറിന് അവർ താൽപര്യപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ ചർച്ചയിൽ “അവസാനത്തേതും മികച്ചതുമായ ഓഫർ” അവതരിപ്പിച്ചുവെന്ന് വാൻസ് പറഞ്ഞു, എന്നാൽ നിലവിൽ ഇറാൻ യുഎസ് നിബന്ധനകൾ അംഗീകരിക്കാൻ വിസമ്മതിച്ചു. യുഎസ് അതിന്റെ “ചുവപ്പ് രേഖകൾ” വ്യക്തമാക്കിയിട്ടുണ്ടെന്ന് വാൻസ് കർശനമായി പറഞ്ഞു.”എന്തൊക്കെ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയുമെന്നും ഏതൊക്കെ കാര്യങ്ങളിൽ നമുക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിയൻ പ്രതിനിധി സംഘം ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു” എന്ന് അദ്ദേഹം പറഞ്ഞു. ഈ ചർച്ചകളിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ടതും കർശനവുമായ വ്യവസ്ഥ ആണവായുധങ്ങളെക്കുറിച്ചായിരുന്നു. ഭാവിയിൽ ഇറാൻ ഒരിക്കലും ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കില്ലെന്ന് ഉറപ്പ് ആവശ്യമാണെന്ന് അമേരിക്ക പറഞ്ഞു.

