നിയമവിരുദ്ധമായി യുഎസിൽ എത്തി അവിടെ തങ്ങിയതിനാൽ പിടിക്കപ്പെട്ട ഇന്ത്യൻ പൗരന്മരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരന്മാർ തങ്ങളെ യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിച്ചാണ് സൈനിക വിമാനത്തിൽ തിരിച്ചയച്ചതെന്ന് ആരോപിച്ചതായി റിപോർട്ടുകൾ ഉണ്ട്. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾക്കിടെ, 19 സ്ത്രീകളും 13 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 104 നാടുകടത്തപ്പെട്ടവരെ വഹിച്ചുകൊണ്ടുള്ളയുഎസ് സൈനിക വിമാനം ബുധനാഴ്ച അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങി.
ഇതില്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ളവരെ പൊലീസ് വാഹനങ്ങളില്‍ അവരവരുടെ നാട്ടിലേക്ക് എത്തിച്ചു കഴിഞ്ഞു. കൈയില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ടാണ് തങ്ങളെ അമേരിക്ക നാടുകടത്തിയതെന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയവർ പറഞ്ഞു. അമൃത്‌സര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് അഴിച്ചതെന്നും പറയപ്പെടുന്നു. 40 മണിക്കൂര്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. കൈവിലങ്ങോടെ ഭക്ഷണം കഴിക്കാന്‍ അവര്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി എന്നും തിരിച്ചെത്തിയവരിൽ ഒരാൾ വ്യക്‌തമാക്കി.
അമേരിക്കയില്‍ നിന്ന് നാടുകടത്തിയ 104 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അമൃത്‌സറില്‍ എത്തിയത്. 104 അനധികൃത കുടിയേറ്റക്കാരുടെ ആദ്യ ബാച്ചിൽ 33 പേർ ഹരിയാനയിൽ നിന്നുള്ളവരും, 33 പേർ ഗുജറാത്തിൽ നിന്നുള്ളവരും, 30 പേർ പഞ്ചാബിൽ നിന്നുള്ളവരും, മൂന്ന് പേർ വീതം മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരും, രണ്ട് പേർ ചണ്ഡീഗഡിൽ നിന്നുള്ളവരുമാണ്. നാടുകടത്തപ്പെട്ടവരിൽ 19 സ്ത്രീകളും നാല് വയസ്സുള്ള ഒരു ആൺകുട്ടിയും അഞ്ച്, ഏഴ് വയസ്സുള്ള രണ്ട് പെൺകുട്ടികളും ഉൾപ്പെടെ 13 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വിപുലമായ ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടൺ സന്ദർശിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുഎസ് ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തിയത്. ഇന്ത്യയിലേക്ക് തിരിച്ചയക്കേണ്ട 18,000 രേഖകളില്ലാത്ത ഇന്ത്യക്കാരുടെ പട്ടിക യുഎസ് ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.