ഇന്ന് രാവിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ ഹെലികോപ്റ്റർ 9N-AMV ആണ് കാണാതായത്. പിന്നീട് ഹെലികോപ്റ്റര്‍ നേപ്പാളിലെ എവറസ്റ്റിന് സമീപം തകർന്നു വീണതായി കണ്ടെത്തി. രാവിലെ കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടം ലംജുറയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. അഞ്ച് മെക്‌സിക്കൻ പൗരന്മാരടക്കം ആറ് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ആണ് തകർന്നത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആറുപേരും മരിച്ചു.
സുര്‍ക്കിയില്‍ നിന്ന് പുറപ്പെട്ട മനാംഗ് എയര്‍ ഹെലികോപ്റ്റര്‍ 10.12 ഓടെ റഡാറില്‍ നിന്ന് കാണാതാവുകയായിരുന്നു. സോലുഖുംബുവിലെ സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ മനാംഗ് എയര്‍ ഹെലികോപ്റ്ററുമായുളള സമ്പര്‍ക്കം നഷ്ടമായതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.