ഇസ്രയേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെയോടെ അവസാനിച്ചു. ഇതേതുടർന്ന് ഇസ്രായേൽ ഗാസയിയിൽ ആക്രമണങ്ങൾ പുനരാരംഭിച്ചു. കരാർ നീട്ടാനുള്ള തീരുമാനം ഇരുപക്ഷവും എടുക്കാത്തതോടെ ആക്രമണങ്ങൾ വീണ്ടും തുടങ്ങിയതായാണ് റിപോർട്ടുകൾ. നവംബർ 24 ന് ആരംഭിച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ കരാർ രണ്ട് തവണ നീട്ടുകയും ഗാസയിൽ ബന്ദികളാക്കിയ 105 പേരെയും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 240 പലസ്തീൻ തടവുകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച എട്ട് ബന്ദികളെയും 30 പലസ്തീൻ തടവുകാരെയും കൈമാറ്റം ചെയ്യുകയും ഗാസയിലേക്ക് കൂടുതൽ അവശ്യ സാധനങ്ങൾ എത്തിക്കാനും ഈ കരാറിലൂടെ കഴിഞ്ഞു.
പലസ്തീൻ ഭീകര സംഘടനയായ ഹമാസ് ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയോടുകൂടിയാണ് യുദ്ധത്തിന് തുടക്കമാവുന്നത്. 1,200-ലധികം ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ട ഈ ആക്രമണത്തിൽ 240 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിനെതിരെ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗാസയിലെ ബോംബാക്രമണത്തിലൂടെയും ഗാസയിൽ 15,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.