നേപ്പാളിൽ റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 128 പേർ മരിച്ചു. നേപ്പാളിലെ ജജർകോട്ട് ജില്ലയിലെ ലാമിദണ്ഡ പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ജജർകോട്ട് ജില്ലയിൽ 34 പേർ മരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സമീപ പ്രദേശമായ റുക്കും വെസ്റ്റ് ജില്ലയിൽ, കുറഞ്ഞത് 35 മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
പരിക്കേറ്റവർക്ക് സഹായത്തിനും അടിയന്തര രക്ഷാപ്രവർത്തനത്തിനുമായി രാജ്യത്തെ മൂന്ന് സുരക്ഷാ ഏജൻസികളെ വിന്യസിച്ചതായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിന്റെ ഓഫീസ് അറിയിച്ചു. പരിക്കേറ്റവർ ജാർകോട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡൽഹി-എൻസിആർ മേഖല, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവയുൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11:32ഓടെയാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി.