ചൈനയില്‍ ഇസ്രയേല്‍ നയതന്ത്രജ്ഞന് കുത്തേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവം ഭീകരാക്രമണം ആണെന്നാണ് സൂചന. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ സംഭവം. നയതന്ത്രജ്ഞന് നേരെയുണ്ടായ ആക്രമണം ഇസ്രയേലും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി.
അടുത്തിടെ നടന്ന ഹമാസ് ആക്രമണങ്ങളെ ചൈന അപലപിക്കാത്തതില്‍ ബെയ്ജിംഗിലെ ഇസ്രായേല്‍ പ്രതിനിധി നിരാശ പ്രകടിപ്പിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ‘പ്രതിഷേധ ദിനം’ ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ ലോകമെമ്പാടുമുള്ള ഇസ്രായേലികളും ജൂതന്മാരും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നു.
അതിനിടെ തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് ഗാസ മുനമ്പില്‍ കര ആക്രമണത്തിന് ഇസ്രായേല്‍ തയ്യാറെടുക്കുന്നുവെന്ന സൂചനകള്‍ ശക്തമാണ്. ഇസ്രായേലും ഹമാസും തമ്മില്‍ ഒരാഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ 1,200-ലധികം ഇസ്രായേലികളും 1,530 പലസ്തീനികളും കൊല്ലപ്പെട്ടെന്നാണ് കണക്ക്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു.
ഒരു ദശലക്ഷത്തിലധികം വരുന്ന ഗാസ നഗരത്തിലെ എല്ലാ ജനങ്ങളോടും 24 മണിക്കൂറിനുള്ളില്‍ മാറാന്‍ ഇസ്രായേല്‍ സൈന്യം വെള്ളിയാഴ്ച ആഹ്വാനം ചെയ്തിരുന്നു.