പാക്കിസ്ഥാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 1.3 ബില്യൺ ഡോളർ വായ്പ ഇൻഡസ്‌ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ് അനുവദിച്ചു. മൂന്ന് ഗഡുക്കളായാണ് ഫണ്ട് വിതരണം ചെയ്യുക. 500 മില്യൺ ഡോളറിന്റെ ആദ്യത്തെ ഗഡു പാക്കിസ്ഥാന്റെ സെൻട്രൽ ബാങ്കിന് ലഭിച്ചു. രാജ്യത്ത് കുറഞ്ഞുവരുന്ന വിദേശനാണ്യ ശേഖരം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് പാക്കിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദാർ പറഞ്ഞു.
ഇറക്കുമതിക്ക് അനുസൃതമായി കയറ്റുമതി വര്‍ധിക്കാൻ സാധിക്കാത്തതിനാൽ വിദേശനാണ്യ കരുതല്‍ ശേഖരം രാജ്യത്ത് കുറഞ്ഞുവരികയായിരുന്നു. അതിപ്പോള്‍ ഏകദേശം 300 കോടി ഡോളറായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക സഹായം വിദേശനാണ്യ കരുതൽ ശേഖരം വർദ്ധിപ്പിക്കുമെന്നും ജൂണിൽ അവസാനിക്കുന്ന ഈ സാമ്പത്തിക വർഷത്തിൽ പാക്കിസ്ഥാന്റെ സാമ്പത്തിക വിടവ് നികത്താൻ 5 ബില്യൺ ഡോളർ വിദേശ ധനസഹായം ആവശ്യമായി വരുമെന്നും പാക്കിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദാർ പറഞ്ഞു.
നേരത്തെ നടത്തിയ ഇടപാടുകൾക്കനുസൃതമായി കപ്പലുകളില്‍ എത്തിച്ചേര്‍ന്ന ചരക്കുകൾ അടങ്ങിയ കണ്ടെയിനറുകള്‍ പണം നല്‍കി ഏറ്റെടുക്കാനാവാത്തതിനാൽ പാക്കിസ്ഥാൻ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടുമായി (ഐഎംഎഫ്) കരാറിൽ ഒപ്പുവെച്ചതിന് ശേഷം മാത്രമേ പാകിസ്ഥാനിലേക്ക് കൂടുതൽ വിദേശ ധനസഹായം എത്തുകയുള്ളൂ.