യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്കെതിരെ ബ്രിക്സ് രാജ്യങ്ങൾ സംയുക്തമായി പ്രതികരിക്കണമെന്ന് ബ്രസീൽ പ്രസിഡന്‍റ് ലുല ആഹ്വാനം ചെയ്തു. ബഹുരാഷ്ട്ര സഹകരണത്തിന്‍റെ ആവശ്യകത എടുത്തുപറഞ്ഞ ലുല, ട്രംപിന്‍റെ ഏകപക്ഷീയ നയങ്ങളെ വിമർശിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ വർദ്ധിച്ച താരിഫുകൾക്കെതിരെ ബ്രിക്സ് രാജ്യങ്ങൾ സംയുക്തമായി പ്രതികരിക്കണമെന്ന് ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ ആഹ്വാനം ചെയ്തു.
ട്രംപിന്‍റെ പുതിയ താരിഫ് നയങ്ങളെ ബുധനാഴ്ച റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ ലുല രൂക്ഷമായി വിമർശിച്ചു. ആഗോള ബഹുരാഷ്ട്ര സഹകരണത്തെ ഇല്ലാതാക്കി, യുഎസ് ആധിപത്യമുള്ള ഏകപക്ഷീയമായ ഉടമ്പടികൾ സ്ഥാപിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. കൂട്ടായി ഉണ്ടാക്കുന്ന ഉടമ്പടികളുള്ള ബഹുരാഷ്ട്ര സഹകരണത്തെ ഇല്ലാതാക്കാനും, പകരം ഓരോ രാജ്യങ്ങളുമായി ഏകപക്ഷീയമായി ചർച്ചകൾ നടത്താനും ശ്രമിക്കുകയാണ് ട്രംപ് ചെയ്യുന്നത്. ഒരു ചെറിയ ലാറ്റിൻ അമേരിക്കൻ രാജ്യത്തിന് യുഎസിനെതിരെ എന്ത് വിലപേശൽ ശേഷിയാണുള്ളത്? ഒന്നുമില്ലെന്ന് ലുല പറഞ്ഞു. ട്രംപിന്‍റെ നയങ്ങൾക്കെതിരെ ഒരു സംയുക്ത പ്രതികരണം എങ്ങനെ രൂപപ്പെടുത്തണമെന്ന് ചർച്ച ചെയ്യുന്നതിനായി ബ്രിക്സ് നേതാക്കളായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്, മറ്റ് നേതാക്കൾ എന്നിവരുമായി താൻ ബന്ധപ്പെടുമെന്ന് ലുല അറിയിച്ചു.
‘ഈ സാഹചര്യത്തിൽ ഓരോ രാജ്യവും എങ്ങനെ പ്രതികരിക്കുന്നു, ഓരോ രാജ്യത്തിനുമുള്ള പ്രത്യാഘാതങ്ങൾ എന്തെല്ലാമാണെന്ന് ചർച്ച ചെയ്ത് നമുക്കൊരു തീരുമാനമെടുക്കണം. ബ്രിക്സിലെ പത്ത് രാജ്യങ്ങൾ ജി20യിലുണ്ടെന്നത് ഓർക്കണം,” ലുല കൂട്ടിച്ചേർത്തു. ബ്രിക്സ് അധ്യക്ഷനായിരുന്ന ലുല, അംഗരാജ്യങ്ങളായ റഷ്യ, ദക്ഷിണാഫ്രിക്ക, മറ്റ് വളർന്നുവരുന്ന രാജ്യങ്ങൾ എന്നിവയെ ഒരുമിച്ച് കൊണ്ടുവരുമെന്നും, ബഹുരാഷ്ട്ര വ്യാപാരത്തിനും കൂട്ടായ തീരുമാനങ്ങൾക്കും വേണ്ടി നിലകൊള്ളുമെന്നും വ്യക്തമാക്കി. ട്രംപ് അടുത്തിടെ ബ്രിക്സിനെ അമേരിക്കൻ വിരുദ്ധം എന്ന് വിശേഷിപ്പിക്കുകയും, അംഗരാജ്യങ്ങൾക്ക് 10 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെയായിരുന്നു ഈ നീക്കം.