ഭൂകമ്പം സർവനാശം വിതച്ച തുർക്കിയിലെ ഹതായിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെത്തി. ഭൂകമ്പത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. രണ്ടു വയസ്സുള്ള പെൺകുട്ടിയും ആറു മാസം ഗർഭിണിയും 70 വയസ്സുള്ള സ്ത്രീയും ഭൂകമ്പത്തിന് അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം തുർക്കിയിലെ ദുരന്തഭൂമിയിൽ നിന്നും 104 മണിക്കൂറിനുശേഷം പുറത്തെത്തിയ യുവതി ആശുപത്രിയിൽ വച്ച് മരിച്ചതും നോവുന്ന ഓർമ്മയായി. അതിനിടെ ആണ് അതിജീവനത്തിന്റെ ആശ്വാസമായി കുഞ്ഞ് രക്ഷപ്പെടുന്നത്.
തുർക്കിയിൽ മാത്രം ഇതുവരെ 24,617 മരണമാണ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയ്ക്കു ശേഷം മരണസംഖ്യ വെളിപ്പെടുത്താത്ത സിറിയയിൽ 3500ലധികം പേർ ഇതിനോടകം മരിച്ചു. ദിവസങ്ങൾ കഴിയുന്തോറും കെട്ടിട അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ ജീവനോടെ പുറത്തിറക്കാനുള്ള സാധ്യത കുറഞ്ഞുവരികയാണ് എന്നുള്ളതും ആശങ്കയുളവാക്കുന്നു.
തിങ്കളാഴ്ചയുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, തുർക്കിയിലും സിറിയയിലും ഉടനീളം വൻ നാശമാണ് വിതച്ചത്. 1939 ന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്. ഈ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും മാരകമായ ഏഴാമത്തെ പ്രകൃതിദുരന്തമായി ഇതു കണക്കാക്കപ്പെടുന്നു, 2003ൽ അയൽരാജ്യമായ ഇറാനിലുണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ട 31,000ലേക്ക് മരണസംഖ്യ അടുക്കുന്നതായാണ് റിപോർട്ടുകൾ.