കർണാടകയിൽ ഏപ്രിൽ 9 ന് ദാവൻഗെരെയിലെ ഒരു പള്ളിക്ക് പുറത്ത് 38 വയസ്സുള്ള കർണാടക സ്വദേശിനിയായ സ്ത്രീയെ ഒരു കൂട്ടം പുരുഷന്മാർ ആക്രമിച്ചു. യുവതിക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ആറ് പേരെ ദാവൻഗെരെ പോലീസ് അറസ്റ്റുചെയ്തു. ബെംഗുളൂരുവിന് സമീപം ദാവൻഗെരെയിലെ മുസ്ലിം പള്ളിയുടെ മുറ്റത്ത് വെച്ചായിരുന്നു യുവതിയെ ആൾകൂട്ടം വിചാരണ ചെയ്ത് മർദിച്ചത്. യുവതിക്കെതിരെ ഭർത്താവ് സദാചാര പ്രശ്നം ആരോപിച്ചു പള്ളി കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.
തെരുവിൽ വെച്ച് ഒരു കൂട്ടം പുരുഷന്മാർ ബുർഖ ധരിച്ച സ്ത്രീയെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ഒന്നിലധികം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് വടികളും റബ്ബർ പൈപ്പുകളും ഉപയോഗിച്ചാണ് യുവതിയെ ആൾകൂട്ടം മർദ്ദിച്ചത്.
യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച് ആൾക്കൂട്ടം മർദ്ദിക്കുന്ന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പീർ (45), ചാന്ദ് ബാഷ (35), ദസ്തഗീർ (24), റസൂൽ ടി ആർ (42), ഇനായത്തുള്ള (51) എന്നിവരാണ് അറസ്റ്റിലായത്.