അതിരപ്പിള്ളിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന. രണ്ടു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവർ അടങ്ങുന്ന കുടുംബം.
ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. നാലംഗ സംഘമാണ് കാട്ടിലേക്ക് പോയത്. താല്‍ക്കാലികമായി ഒരു ഷെഡ് പണിത് അവിടെ വിശ്രമിക്കുകയായിരുന്നു. കാട്ടാന വന്നപ്പോള്‍ നാല് പേരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു
മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പുഴയിലാണ് അംബികയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവരെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഞായറാഴ്ച രാത്രി അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിൽനിന്നു സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് തിരിച്ചുവരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.