മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവർത്തിക്കില്ലെന്നും വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. മുസ്ളിങ്ങൾക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം നടഷ്ടപ്പെട്ട ആയിരക്കണക്കിന് ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കിൽ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരണ്‍ റിജിജു പറഞ്ഞു. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്തെവിടെയും ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരെ പുതിയ നിയമ പ്രകാരം സുപ്രീംകോടതിയെ സമീപിക്കാം.
മുനമ്പം വിഷയത്തിൽ കേരള സർക്കാരിനോട് അഭ്യർഥനയുണ്ട്. അടിയന്തരമായി ജില്ലാ കളക്ടറോട് സർവേ കമ്മീഷണർ എടുത്ത മുഴുവൻ നടപടികളും പുന പരിശോധിക്കാൻ നിർദ്ദേശിക്കണമെന്ന് കിരണ്‍ റിജിജു ആവശ്യപ്പെട്ടു. എൽഡിഎഫും യുഡിഎഫും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കരുത്. മുനമ്പത്ത് നീതി നടപ്പാക്കുകയാണ് വേണ്ടത്. ഒരു സമുദായത്തെയും വോട്ടു ബാങ്കായി മാത്രം കാണരുത്. കോൺഗ്രസിന്‍റെയും കമ്യൂണിസ്റ്റിന്‍റെയും വോട്ടുബാങ്കായി മുസ്ലിം സമുദായം മാറരുതെന്നും കിരണ്‍ റിജിജു പറഞ്ഞു. ബിജെപിയുടെ പേരു പറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. കേരള ജനതയെ എത്രകാലം തെറ്റിദ്ധരിപ്പിക്കാനാകും- അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു സൂചിപ്പിച്ചു
മുനമ്പം പ്രശ്‌നം തന്നെ ആഴത്തില്‍ അസ്വസ്ഥതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ എന്ന നിലയിലാണ് നിര്‍ണായകനടപടി സ്വീകരിച്ചതെന്നും പറഞ്ഞു. നിയമഭേദഗതിയിലൂടെ 40 ആം വകുപ്പ് ഇല്ലാതാക്കി. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ബില്‍ അവതരിപ്പിച്ചത്. മുനമ്പത്തേതുപോലെ പ്രശ്‌നം ഇനി ആവര്‍ത്തിക്കില്ല. ഇനി വാക്കാല്‍ പ്രഖ്യാപിച്ചാല്‍ വഖഫ് ഭൂമിയാകില്ല. പകരം രേഖ വേണം – അദ്ദേഹം പറഞ്ഞു. നിഷ്പക്ഷതയ്ക്കും, നീതി ഉറപ്പാക്കാനും വേണ്ടിയാണ് മേല്‍നോട്ട അധികാരം കലക്ടര്‍ക്ക് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും വഖഫ് ഭൂമിയില്‍ തര്‍ക്കമുണ്ടാകാം. ഈ സാഹചര്യം കണക്കിലെടുത്താണ് അമുസ്ലിംങ്ങളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനമ്പത്തെ ജനങ്ങളുടെ ഭരണഘടന അവകാശം നിഷേധിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്തിനാണ് യുഡിഎഫിന്‍റെ ഭാഗമായ മുസ്ളിം ലീഗ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.