രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസിലെ ജനങ്ങൾക്കായി ഗംഗാജലം കൂടെ കരുതിയിരുന്നു. ചൊവ്വാഴ്ച മൗറീഷ്യസ് പ്രസിഡന്റ് ധരം ഗോഖൂളിനെ കാണുകയും മഹാ കുംഭമേളയിൽ നിന്ന് ലഭിച്ച ഗംഗാജലം അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. ബീഹാറിൽ നിന്നുള്ള ഭക്ഷണമായ മഖാനയും അദ്ദേഹം മൗറീഷ്യസ് പ്രസിഡന്റിന് സമ്മാനിച്ചു. രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ചൊവ്വാഴ്ച പുലർച്ചെ മൗറീഷ്യസിലെത്തിയ മോദി, ഗോഖൂളിന് മറ്റ് നിരവധി സമ്മാനങ്ങളും നൽകി.
പ്രയാഗ് രാജിൽ കഴിഞ്ഞ മാസം സമാപിച്ച മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ മൗറീഷ്യസ് ജനതയ്ക്ക് വേണ്ടിയും പ്രധാനമന്ത്രി ഗംഗാജലം കൊണ്ടുവന്നിരുന്നു. മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.
പോർട്ട് ലൂയിസിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്ന പ്രധാനമന്ത്രി രാജ്യത്തിലെ പലർക്കും ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് താൻ ഈ പുണ്യജലം കൊണ്ടുവന്നതെന്നും പറഞ്ഞു.
“66 കോടി ജനങ്ങൾ പങ്കെടുത്ത ലോകത്തിലെ ഏറ്റവും വലിയ മഹാകുംഭമേള എല്ലാവരെയും അത്ഭുതപ്പെടുത്തി. മൗറീഷ്യസിലെ നിരവധി കുടുംബങ്ങൾക്ക് കുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അവരുടെ മാനിസകബുദ്ധിമുട്ടിനെ കുറിച്ച് എനിക്ക് മനസിലാക്കാൻ സാധിക്കും. നിങ്ങൾക്കായി ഞാൻ കൊണ്ടുവന്ന പുണ്യജലം ഗംഗാ തലാബ് നദിയിൽ ലയിപ്പിക്കും. ഗംഗാമാതാവിന്റെ അനുഗ്രത്താൽ മൗറീഷ്യസ് പുരോഗതിയുടെ പുതിയ ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു”.
1998 -ൽ അന്താരാഷ്ട്ര രാമായണ കോൺഫറൻസിൽ പങ്കെടുക്കാൻ ഞാൻ മൗറീഷ്യസിൽ എത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഞാൻ അനുഭവിച്ച അതേ വിശ്വാസം ഇന്നും എനിക്ക് അനുഭവിക്കാൻ കഴിയുകയാണ്. അയോദ്ധ്യയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ മൗറീഷ്യസിലെ ജനങ്ങളുടെ വികാരങ്ങൾ ഞങ്ങൾ കണ്ടിരുന്നു. അന്ന് മൗറീഷ്യസ് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അർദ്ധ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സൗഹൃദത്തിന്റെ അടിത്തറയാണ് ഈ വിശ്വാസമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച അതിരാവിലെയാണ് പ്രധാനമന്ത്രി മൗറീഷ്യസിലെത്തിയത്. 200 വിശിഷ്ടാതിഥികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗൂലം അദ്ദേഹത്തെ മാലയിട്ട് വരവേറ്റു. മൗറീഷ്യസ് ഉപപ്രധാനമന്ത്രി, മൗറീഷ്യസ് ചീഫ് ജസ്റ്റിസ്, ദേശീയ അസംബ്ലി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, വിദേശകാര്യമന്ത്രി, കാബിനറ്റ് സെക്രട്ടറി, ഗ്രാന്‍ഡ്പോര്‍ട്ട് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍, മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.