ലോകത്തെ ഏറ്റവും വലിയ 2 സമ്പദ്വ്യവസ്ഥകള് തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു. പതിനെട്ടു വർഷം നീണ്ട മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി. ‘കരാറുകളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാറിലൂടെ കാറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മദ്യം, രാസവസ്തുക്കൾ തുടങ്ങി വിവിധ മേഖലകളിൽ വിപ്ലവകരമായ നികുതി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന 90% വ്യാപാരത്തിനും കരാര്‍ നേട്ടമാകും. യുഎസ് വിപണികള്‍ റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയ്ക്ക് തലവേദനയാകുമ്പോഴാണ് യൂറോപ്യന്‍ യൂണിയന് എന്ന വലിയ വിപണി തുറക്കപ്പെടുന്നത്. 2032 ആകുമ്പോഴേക്കും ഇന്ത്യയിലേക്കുള്ള യൂറോപ്യന്‍ കയറ്റുമതി ഇരട്ടിയാക്കാന്‍ കരാര്‍ ലക്ഷ്യം വയ്ക്കുന്നു.
വിദേശ കാറുകൾക്കും മദ്യത്തിനും വില കുറയും, മെഡിക്കൽ ഉപകരണൾക്ക് നികുതിയില്ല. കൃഷി, പാല് പോലുള്ള ചില തന്ത്ര പ്രധാന മേഖലകളെ കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിമാനങ്ങളുടെയും, ബഹിരാകാശ പേടകങ്ങളുടെയും എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള താരിഫ് ഒഴിവാക്കും. ഒലിവ് ഓയില്‍, മാര്‍ഗരിന്‍, സസ്യ എണ്ണകള്‍ എന്നിവയുടെ തീരുവ ഒഴിവാക്കും. പഴച്ചാറുകള്‍, സംസ്കരിച്ച ഭക്ഷണം എന്നിവയുടെ തീരുവ ഇല്ലാതാകും. ഏകദേശം എല്ലാ കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും തീരുവ ഇല്ലാതാകും. ഇന്ത്യയുടെ ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുന്നതിനും, ഹരിത പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇയു 500 മില്യണ്‍ യൂറോയുടെ ഇടപെടലുകള്‍ നടത്തും. കൂടാതെ കരാര്‍ ഇരു രാജ്യങ്ങളിലും വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മദ്യം, ഭക്ഷ്യ ഉല്പന്നങ്ങള്, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, എയ്റോസ്പേസ് തുടങ്ങിയ പ്രധാന മേഖലകളെ പിന്തുണയ്ക്കുന്നതാണ് കരാര്‍. ബിയര്‍ താരിഫ് 50% ആയി കുറയ്ക്കും. മോട്ടോര്‍ വാഹന താരിഫ് 110% ല്‍ നിന്ന് 10% ആയി കുറയ്ക്കും (പ്രതിവര്‍ഷം 2,50,000 വാഹനങ്ങള്‍ വരെ).
സ്പിരിറ്റ് താരിഫ് 40% ആയി കുറയ്ക്കും. വൈന്‍ താരിഫ് 20- 30% ആയി കുറയ്ക്കും. കെമിക്കലുകള്‍ക്ക് 22% വരെയുള്ള തീരുവ മിക്കവാറും ഇല്ലാതാക്കും. ഔഷധങ്ങളുടെ 11% വരെയുള്ള തീരുവകള്‍ മിക്കവാറും ഒഴിവാക്കും. യൂറോപ്യന്‍ യൂണിയന് കയറ്റുമതിക്കാര്‍ക്ക് പ്രതിവര്‍ഷം 4 ബില്യണ്‍ യൂറോയുടെ തീരുവ ലാഭിക്കാന്‍ കഴിയും. കയറ്റുമതി വേഗത്തിലും, വിലകുറഞ്ഞതുമാക്കുന്നതിന് ലളിതമാക്കിയ കസ്റ്റംസ് നടപടിക്രമങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ ഇതുവരെ നല്കിയിട്ടുള്ളതില് വച്ച് ഏറ്റവും വലിയ വ്യാപാര അവസരമാണ് കരാര്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കാനുള്ള ശ്രമങ്ങളെ ഇയു പിന്തുണയ്ക്കും.
യൂറോപ്പിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവയിൽ വലിയ കുറവുണ്ടാകുമെന്നതാണ് കരാറിലെ ഏറ്റവും ശ്രദ്ധേയമായ വശം. നിലവിൽ 70 മുതൽ 110 ശതമാനം വരെയായിരുന്ന തീരുവ ഘട്ടംഘട്ടമായി 10 ശതമാനത്തിലേക്ക് താഴ്ത്താനാണ് തീരുമാനം. പ്രതിവർഷം 2.5 ലക്ഷം വാഹനങ്ങൾ എന്ന ക്വാട്ട പരിധിയിലാണ് ആദ്യ ഘട്ടത്തിൽ ഈ ഇളവ് ലഭിക്കുക.
ഇതോടെ ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ്, ഫോക്സ്വാഗൺ തുടങ്ങിയ യൂറോപ്യൻ കമ്പനികളുടെ പ്രീമിയം കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ വില ഗണ്യമായി കുറയും. എന്നാൽ ഇലക്ട്രിക് വാഹനങ്ങളെ (EV) ആദ്യ അഞ്ച് വർഷത്തേക്ക് ഈ ഇളവിൽ നിന്ന് ഒഴിവാക്കി ഇന്ത്യയുടെ ആഭ്യന്തര നിർമ്മാതാക്കളെ സംരക്ഷിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്നതാണ് കരാറിലെ മറ്റൊരു തീരുമാനം. ഏകദേശം 90 ശതമാനം മെഡിക്കൽ ഉപകരണങ്ങളുടെയും ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കി. സ്കാനിംഗ് മെഷീനുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് ഇന്ത്യൻ ആശുപത്രികൾക്കും രോഗികൾക്കും വലിയ ആശ്വാസമാകും.
കൂടാതെ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെയും രാസവസ്തുക്കളുടെയും തീരുവയും വലിയ തോതിൽ കുറച്ചു. വിമാനങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും ഭാഗങ്ങളുടെ നികുതിയും പൂർണ്ണമായും ഒഴിവാക്കി. യൂറോപ്യൻ വൈൻ, സ്പിരിറ്റ്, ബിയർ എന്നിവയുടെ നികുതിയിലും വൻ കുറവുണ്ടാകും. വൈനുകളുടെ തീരുവ 20-30 ശതമാനമായും സ്പിരിറ്റുകളുടേത് 40 ശതമാനമായും ബിയറിന്റേത് 50 ശതമാനമായും കുറയ്ക്കാനാണ് ഇന്ത്യ സമ്മതിച്ചിരിക്കുന്നത്. ഒലിവ് ഓയിൽ, വെജിറ്റബിൾ ഓയിൽ എന്നിവയുടെ നികുതിയും കുറയും.
ഇതിന് പകരമായി ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്ക് യൂറോപ്യൻ വിപണിയിൽ തീരുവയില്ലാത്ത പ്രവേശനം ലഭിക്കും. ഇത് ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് വലിയ ഉണർവ് നൽകും. 2032-ഓടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കയറ്റുമതി ഇരട്ടിയാകുമെന്നാണ് ബ്രസൽസ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഹരിത ഊർജ്ജ മേഖലയിൽ ഇന്ത്യയെ സഹായിക്കുന്നതിനായി 500 ദശലക്ഷം യൂറോയുടെ സാമ്പത്തിക സഹായവും യൂറോപ്യൻ യൂണിയൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആഗോള വ്യാപാര രംഗത്ത് അമേരിക്കയും ചൈനയും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ ഇന്ത്യയ്ക്കും യൂറോപ്പിനും ഒരുപോലെ ഗുണകരമാകുന്ന ഒന്നായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്.

