മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ടിഎംസി ഭരണകാലം അഴിമതിയും ഭയവും നുഴഞ്ഞുകയറ്റവും നിറഞ്ഞതാണെന്നും ഇത് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു. കൊൽക്കത്തയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിനെ സംബന്ധിച്ചിടത്തോളം ഇത് അതീവ നിർണായകമായ കാലഘട്ടമാണെന്ന് അമിത് ഷാ പറഞ്ഞു. ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ പ്രാധാന്യം തുടരും. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണത്തിൽ ബംഗാൾ കണ്ടത് ഭയവും അഴിമതിയും കെടുകാര്യസ്ഥതയുമാണ്. നുഴഞ്ഞുകയറ്റം ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയും ഉത്കണ്ഠയും സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രിലിൽ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. ഭയം, അഴിമതി, കെടുകാര്യസ്ഥത, നുഴഞ്ഞുകയറ്റം എന്നിവയ്ക്ക് പകരമായി വികസനവും പൈതൃകവും ദരിദ്രരുടെ ക്ഷേമവും മുൻനിർത്തിയുള്ള ശക്തമായ ഒരു സർക്കാർ രൂപീകരിക്കാനുള്ള ബംഗാളിലെ ജനങ്ങളുടെ ദൃഢനിശ്ചയം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 14 വർഷമായി ഭയവും അഴിമതിയും ബംഗാളിന്റെ അടയാളമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “2026 ഏപ്രിൽ 15-ന് ശേഷം ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചു കഴിഞ്ഞാൽ, ബംഗാളിന്റെ അഭിമാനം, ബംഗാളിന്റെ സംസ്കാരം, അതിന്റെ നവോത്ഥാനം എന്നിവ വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിക്കും. സ്വാമി വിവേകാനന്ദൻ, ബങ്കിം ബാബു, ഗുരുദേവ് ടാഗോർ, ശ്യാമ പ്രസാദ് മുഖർജി എന്നിവരുടെ സ്വപ്നത്തിലെ ഒരു ബംഗാൾ സൃഷ്ടിക്കാൻ ഞങ്ങൾ പരിശ്രമിക്കും,” അമിത് ഷാ പറഞ്ഞു.
തൃണമൂൽ കോൺഗ്രസിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കേന്ദ്രമന്ത്രി, മമത ബാനർജിയുടെ ഭരണത്തിന് കീഴിൽ ബംഗാളിലെ വികസനം സ്തംഭിച്ചതായും ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച എല്ലാ ജനക്ഷേമ പദ്ധതികളും ബംഗാളിലെ ‘ടോൾ സിൻഡിക്കേറ്റുകളുടെ’ ഇരകളായി മാറിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്നത് തടയുന്ന തരത്തിലുള്ള അഴിമതി ശൃംഖലയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ വിലക്കയറ്റത്തെക്കുറിച്ചും അമിത് ഷാ വാർത്താ സമ്മേളനത്തിൽ പരാമർശിച്ചു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നതിനാൽ ഇവിടത്തെ സാമ്പത്തിക സുരക്ഷിതത്വം രാജ്യത്തിന് പ്രധാനമാണ്. എന്നാൽ ടിഎംസി സർക്കാർ വികസനത്തെക്കാൾ അഴിമതിക്ക് മുൻഗണന നൽകുന്നത് സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോട്ടടിക്കുന്നു. വികസന മുരടിപ്പിനും അഴിമതിക്കും പരിഹാരം ബിജെപി ഭരണമാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബംഗാളിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കാനും അതിർത്തികൾ സുരക്ഷിതമാക്കാനും ബിജെപിയെ അധികാരത്തിൽ എത്തിക്കണമെന്നാണ് അമിത് ഷായുടെ പ്രധാന ആഹ്വാനം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം നുഴഞ്ഞുകയറ്റവും അഴിമതിയും തന്നെയായിരിക്കുമെന്ന സൂചനയാണ് അമിത് ഷായുടെ വാക്കുകൾ നൽകുന്നത്.

