ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി മറ്റൊരു ഷോപ്പിംഗ് ഡെസ്റ്റിനേഷൻ കൂടി സന്ദർശകരെ കാത്തിരിക്കുന്നു. e& MOTB ഇന്നുമുതൽ ജനുവരി 12 വരെ വിവിധ ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലുമായി ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിൽ തുടക്കമായി. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 30-ആം വാർഷികത്തോടനുബന്ധിച്ച് പുതുമകളോടെയാണ് ഇക്കുറി ഈ പൊതുവിപണന കേന്ദ്രം തുറന്നിരിക്കുന്നത്.
വിവിധ റീറ്റെയ്ൽ സ്ഥാപനങ്ങളുടെ നൂറിലധികം സ്റ്റാളുകളാണ് ഇവിടെ ഉള്ളതെന്നും എമിറാത്തി റീറ്റെയ്ൽലേഴ്‌സ് ഉൾപ്പെടെ ദേശീയ അന്തർദേശീയ വൻ ബ്രാൻഡുകൾ ഇക്കുറിയും പങ്കെടുക്കുന്നുണ്ടെന്നും ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽസ് എസ്റ്റാബ്ലിഷ്‌മെന്റ് സീനിയർ അസ്സോസിയേറ്റ് മഹ്‌റ അൽഖാജാ പറഞ്ഞു. അനുകൂല കാലാവസ്ഥകൂടി ചേർന്നതോടെ ടൂറിസ്റ്റുകൾ ഉൾപ്പെടെ ആയിരക്കണക്കിന് സന്ദർശകർ ഇക്കുറിയും എത്തുമെന്നാണ് കരുതുന്നതെന്നും മഹ്‌റ അൽഖാജാ പറഞ്ഞു.
നൂതന ഫാഷൻ വസ്ത്രങ്ങൾ, ചെരിപ്പുകൾ, പുതിയ സൗന്ദര്യ വർധക ബ്രാൻഡുകൾ അങ്ങനെ ലോകോത്തര ബ്രാൻഡുകളുടെ വിവിധ സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലൈഫ്‌സ്‌റ്റൈൽ, ബ്യൂട്ടി ബ്രാൻഡുകളുടെ പതിവ് ഓഫറുകൾ എല്ലാം ഇവിടെയും ലഭ്യമാണ്. സ്‌കിൻ കെയറിനും മേക്കപ്പ് വസ്തുക്കൾക്കുമായി പ്രത്യേകം വിഭാഗങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ബ്രാൻഡുകളായ ഡ്രങ്ക് എലിഫൻ്റ്, ഹുഡ ബ്യൂട്ടി, ഫെന്റി ബ്യൂട്ടി, ബെനിഫിറ്റ് എന്നിവയെല്ലാം സന്ദർശകർക്ക് അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും വാങ്ങുന്നതിനൊപ്പം ഇവയെല്ലാം ഉപയോഗിച്ചുനോക്കുന്നതിനുള്ള അവസരം കൂടി നൽകുന്നുണ്ട്.
പ്രശസ്ത കലാകാരന്മാരുടെ അവതരണങ്ങൾക്കും സംഗീതകച്ചേരികൾക്കും ദുബായ് ഡിസൈൻ ഡിസ്ട്രിക്ട് e& MOTB വേദിയാകും. കൂടാതെ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളുടെ ഔട്ലെറ്റുകളും ഇവിടെ ഉണ്ട്. വിവിധ നൂതന ബ്രാൻഡുകൾ സ്വന്തമാക്കുന്നതിനൊപ്പം പുതിയ രുചികൾ ആസ്വദിക്കാനും സന്ദർശകർക്ക് ഇവിടെ സാധിക്കും. ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്.