റഷ്യ–യുക്രെയ്ൻ യുദ്ധം 500–ാം ദിവസത്തിലേക്ക് കടക്കുകയാണ്. യുക്രെയ്ന്റെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായ സ്മീൻയി ദ്വീപിൽ (സ്നേക് ഐലൻഡ്) സന്ദർശനം നടത്തി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഈ ദ്വീപ് റഷ്യൻ സൈന്യം കീഴടക്കിയിരുന്നെങ്കിലും യുക്രെയ്ൻ പിന്നീട് തിരിച്ചിപിടിച്ചിരുന്നു. ഇത് ‘വിജയത്തിന്റെ മണ്ണാ’ണെന്ന്, ഇവിടെനിന്നുള്ള വിഡിയോ സന്ദേശത്തിൽ സെലെൻസ്കി അവകാശപ്പെട്ടു. ഇനി ഒരിക്കലും ഇവിടം ആർക്കും വിട്ടുകൊടുക്കില്ലെന്നും സെലെൻസ്കി പ്രഖ്യാപിച്ചു. റഷ്യൻ അധിനിവേശത്തിനെതിരായ യുക്രെയ്ന്റെ ചെറുത്തുനിൽപ്പിന്റെ തന്നെ പ്രതീകമെന്ന നിലയിലാണ്, യുദ്ധത്തിന്റെ 500–ാം നാൾ സെലെൻസ്കി ഇവിടെയെത്തിയത്.
ദ്വീപിലെ ഗാർഡുകളായ 13 പേർ കൊല്ലപ്പെട്ടെന്നു യുക്രെയ്ൻ സൈന്യം വെളിപ്പെടുത്തിയതിനെ തുടർന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി 13 പേർക്കും ‘ഹീറോ ഓഫ് യുക്രെയ്ൻ’ പദവി നൽകുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തിൽ, റഷ്യ പിടിച്ചെടുത്ത ഓരോ ഇഞ്ച് ഭൂമിയും തിരികെ പിടിക്കാനുള്ള യുക്രെയ്ന്റെ നിശ്ചയദാർഢ്യത്തിന്റെ അടയാളമാണ് ഈ ദ്വീപ് എന്ന് സെലെൻസ്കി പറഞ്ഞു.