ഒഡിഷയിലെ ബാലസോറിന് സമീപം മൂന്ന് ട്രെയിനുകൽ അപകടത്തിൽപ്പെട്ടത് രാജ്യത്തെ നടുക്കി. നിലവിൽ 280 പേരുടെ മരണം റിപ്പോർട്ട് ചെയ്‌തെങ്കിലും മരണസംഖ്യ ഇനിയും ഉയരും എന്നാണ് അറിയുന്നത്. ഒഡീഷയിലുണ്ടായത് പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമെന്ന് റയിൽവേ മന്ത്രാലയം വ്യക്തമാക്കി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
കോറമണ്ഡൽ എക്സ്പ്രസ്സ് ട്രെയിൻ പാലം തെറ്റിയപ്പോൾ അപായ മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. സിഗ്നലിംഗ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേയ്ക്ക് കഴിഞ്ഞില്ല.ട്രെയിനിൽ എത്ര പേരുണ്ടായിരുന്നുവെന്നതിലടക്കം ഇനിയും വ്യക്തതയായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പാളം തെറ്റി മറിഞ്ഞ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ എസ്എംവിടി-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. രണ്ടാമത്തെ ട്രെയിൻ 130 കിലോമീറ്റർ വേഗതയിലായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് അപകടത്തിൽപ്പെട്ട ബോഗികൾ തെറിച്ചു വീണു. 1000ത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.