ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമതാ ബാനർജി. ഇന്ത്യ സഖ്യത്തിലെ പ്രധാന പാർട്ടിയായ കോൺഗ്രസുമായി നടന്ന സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് മമതയുടെ നീക്കം. ചർച്ചയിൽ സീറ്റ് വിഭജനം സംബന്ധിച്ച തന്റെ നിർദേശം കോൺഗ്രസ് തള്ളിയതായി മമത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മമതയും തൃണമൂൽ നേതാക്കളും കോൺഗ്രസ് നേതാക്കളും സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടത്തിയത്. ചർച്ചക്കു പിന്നാലെ ഒറ്റക്കു മത്സരിക്കാൻ തയ്യാറെടുപ്പുകൾ നടത്താൻ മമത അണികളോട് ആഹ്വാനം ചെയ്യുകയായിരുന്നു. പ്രതിപക്ഷത്തിന്റെ “ഇന്ത്യ” സഖ്യത്തിന് കനത്ത തിരിച്ചടിയാണ് മമതയുടെ പ്രഖ്യാപനം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജി അവസരവാദിയാണെന്നും ബംഗാളിൽ മത്സരിക്കാൻ അവരുടെ കരുണ വേണ്ടെന്നും കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്നുള്ള പ്രഖ്യാപനവുമായി മമത ബാനർജി രംഗത്തെത്തിയത്. ‘മമതയുടെ സഹായത്തോടെ ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടില്ല. കോൺഗ്രസിന് സ്വന്തം ശക്തിയിൽ എങ്ങനെ പോരാടണമെന്ന് അറിയാം. കോൺഗ്രസിന്റെ പിന്തുണയോടെയാണ് ബംഗാളിൽ അധികാരത്തിലെത്തിയത് എന്ന് മമത ബാനർജി ഓർക്കണം,’ അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയും പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ ചൗധരി ഇന്ത്യാ മുന്നണി പങ്കാളിയായ തൃണമൂൽ കോൺഗ്രസിനെ വിമർശിച്ചിരുന്നു. തൃണമൂലിനെ താൻ മുമ്പ് പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സീറ്റ് പങ്കിടൽ സംബന്ധിച്ച് ഇരു പക്ഷവും തമ്മിൽ വാക്‌പോര് ഇതാദ്യമായല്ല. ബംഗാളിൽ കോൺഗ്രസിന് തൃണമൂൽ രണ്ട് സീറ്റ് വാഗ്ദാനം ചെയ്‌തെന്ന വാർത്തയ്ക്ക് പിന്നാലെയായിരുന്നു ഇത്. സീറ്റിനായി കോൺഗ്രസ് യാചിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യത്തിന്റെ നെടുംതൂണാണെന്നും മമതാ ബാനര്‍ജിയില്ലാത്ത ഇന്ത്യ സഖ്യം ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഫലപ്രദമായ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായും ബംഗാളില്‍ ഒറ്റക്കെട്ടായി തന്നെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മമതയുടെ ഈ നീക്കം പ്രതീക്ഷിച്ചിരുന്നതായി ശിവസേന അറിയിച്ചു.