വയനാട് പടമലയിൽ അജീഷ് കുമാറിനെ ചവിട്ടിക്കൊന്ന കാട്ടാനയെ മയക്കുവെടി വച്ചു പിടികൂടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഇക്കാര്യത്തിൽ മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങൾ എല്ലാപേരും സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തണ്ണീർക്കൊമ്പനെ വെടിവച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഒരു ഹിയറിംഗ് നടത്തിവരികയാണ്. ഇക്കാരണത്താൻ തന്നെ ഹൈക്കോടതിയെ അറിയിച്ച ശേഷം നടപടികൾ സ്വീകരിക്കാമെന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.’ – വനംമന്ത്രി പറഞ്ഞു
വയനാട്ടിൽ നടന്നു വരുന്നത് അസാധാരണണായ സംഭവവികാസങ്ങളാണെന്നും മന്ത്രി പറഞ്ഞു. കാട്ടാന ഒരു ചെറുപ്പക്കാരനെ ചവിട്ടിക്കൊന്നുവെന്നത് അങ്ങേയറ്റം വേദനാജനകവും ഉത്കണ്ഠയ്‌ക്ക് വകവയ്‌ക്കുന്നതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജനങ്ങളോട് സംസാരിക്കാൻ തയ്യാറാണ്. പക്ഷേ, ജനങ്ങൾ അതിന് അനുവദിക്കുന്നില്ല. അടിയന്തരമായി കാട്ടാനയെ മയക്കുവെടിവയ്‌ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ച് കഴിഞ്ഞു- മന്ത്രി പറഞ്ഞു.
‘റേഡിയോ കോളറിൽ നിന്ന് സിഗ്‌നൽ ലഭിക്കാൻ മൂന്ന് മണിക്കൂറോളം വൈകിയത് പ്രതിരോധ പ്രവർത്തനത്തെ ബാധിച്ചു. മനുഷ്യസാദ്ധ്യമായ എല്ലാം ഞങ്ങൾ ചെയ്യുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കുകയാണ്. ഒന്നര മണിക്കൂറിനുള്ളിൽ തന്നെ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. കോടതിയും ജനങ്ങളും വനംവകുപ്പിനെ വിമർശിക്കുകയാണ്. ഇത് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിക്കും´ – മന്ത്രി പറഞ്ഞു.