വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയത് മുസ്ലീം സമുദായത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകുന്നതിനും വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചർച്ചകളിൽ പങ്കെടുത്തവർക്ക് നന്ദിയെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. വിപുലമായ ചർച്ചയുടെ പ്രാധാന്യം ഒരിക്കൽകൂടി ഊട്ടിയുറപ്പിക്കപ്പെട്ടു. പതിറ്റാണ്ടുകളായി വഖഫ് സംവിധാനം ഉത്തരവാദിത്വത്തിന്‍റേയും സുതാര്യതയുടെയും അഭാവത്തിന്‍റെ പര്യായമായിരുന്നു. പുതിയ നിയമം സുതാര്യതയും ജനങ്ങളുടെ അവകാശവും ഉറപ്പാക്കും എന്നും മോദി പറഞ്ഞു.
നിയമനിർമ്മാണത്തെക്കുറിച്ചുള്ള 12 മണിക്കൂറിലധികം നീണ്ട മാരത്തൺ ചർച്ചയ്ക്ക് ശേഷമാണ് വെള്ളിയാഴ്ച പുലർച്ചെ രാജ്യസഭയിൽ വഖഫ് ഭേദഗതി ബിൽ 2025 പാസായത്. ബില്ലിനെ അനുകൂലിച്ച് ആകെ 128 വോട്ടുകളും ബില്ലിനെതിരെ 95 വോട്ടുകളും രേഖപ്പെടുത്തി. ബിൽ ഇനി രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ അംഗീകാരത്തിനായി അയയ്ക്കും. അതിനുശേഷം നിയമമായി മാറും. നേരത്തെ, 12 മണിക്കൂറിലധികം നീണ്ട ചർച്ചയ്ക്ക് ശേഷം വ്യാഴാഴ്ച ലോക്‌സഭ ബിൽ പാസാക്കി. ലോക്സഭയിൽ 288 എംപിമാർ ബില്ലിനെ പിന്തുണച്ചപ്പോൾ 232 എംപിമാർ എതിർത്ത് വോട്ട് ചെയ്തു.
രാജ്യസഭയിൽ എൻഡിഎ, ഇന്ത്യ ബ്ലോക്ക് നേതാക്കൾക്കിടയിൽ ബിൽ ചൂടേറിയ ചർച്ചയിലൂടെ കടന്നുപോയി. വിവിധ പങ്കാളികൾ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി ഭേദഗതികളോടെയാണ് ബിൽ കൊണ്ടുവന്നതെന്ന് രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. വഖഫ് ആയി അവകാശപ്പെടുന്ന സർക്കാർ സ്വത്തുക്കൾ കളക്ടർ റാങ്കിനു മുകളിലുള്ള ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ബിൽ നിർദ്ദേശിക്കുന്നു. കേന്ദ്ര, സംസ്ഥാന വഖഫ് ബോർഡുകളിൽ മുസ്ലീങ്ങളല്ലാത്ത അംഗങ്ങളെ ഉൾപ്പെടുത്തണമെന്നും ഇത് നിർദ്ദേശിക്കുന്നു.