മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് മാസപ്പടി നൽകിയെന്ന ആദായ നികുതി വകുപ്പ് കണ്ടെത്തലിൽ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി. പരാതിയുടെ പകർപ്പ് ഗവർണർക്കും അയച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയെന്ന പദവിയുടെ തണലിലാണോ മാസപ്പടി വാങ്ങിയതെന്ന് പരിശോധിക്കണം. കൊച്ചിയിലെ സിഎം ആർ എൽ കമ്പനി പണം നൽകിയ രാഷ്ടീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയിലുണ്ട്.
വീണയ്ക്ക് 55 ലക്ഷം രൂപയും വീണയുടെ ഉടമസ്ഥതിയിലുള്ള കമ്പനിയായ എക്സാലോജിക്കിന് 1.17 കോടി രൂപയും ചേർത്ത് മൊത്തം 1.72 കോടി രൂപ നൽകിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നത്. വീണ വിജയന് സ്വകാര്യ കമ്പനിയിൽനിന്ന് മൂന്ന് വർഷത്തിനിടെ മാസപ്പടി ഇനത്തിൽ 1.72 കോടി രൂപ ലഭിച്ചെന്നായിരുന്നു ആരോപണം.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന കമ്പനി പണം നല്‍കിയെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ രേഖകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് സിഎംആർഎൽ വീണയ്ക്കും, അവരുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കും പണം നൽകിയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.