യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗുമായി കൂടിക്കാഴ്ച്ച നടത്തി. മാസങ്ങളായി നിലനില്‍ക്കുന്ന യുഎസ്-ചൈന ബന്ധത്തിലെ പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ചയെന്നാണ് വിലയിരുത്തുന്നത്. അഞ്ച് വര്‍ഷത്തിനിടെ ചൈനയിൽ എത്തുന്ന ആദ്യത്തെ സ്റ്റേറ്റ് സെക്രട്ടറിയും 2021 ല്‍ ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ചൈനയിൽ എത്തുന്ന ഏറ്റവും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനുമാണ് ആന്റണി ബ്ലിങ്കെന്‍.
തായ്‌വാന്‍ പ്രശ്നം ചൈന-യുഎസ് ബന്ധങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണെന്നും ഏറ്റവും വലിയ അപകടസാധ്യതയുള്ളതാണെന്നും ക്വിന്‍ ഗാംഗ് യുഎസ് നയതന്ത്രജ്ഞനോട് അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ഇരുരാജ്യങ്ങളും സംഘര്‍ഷങ്ങള്‍ കുറയ്ക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായും അറിയുന്നു.
ഇന്ന് ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്‍ വാങ് യിയുമായി ബ്ലിങ്കെന്‍ കൂടിക്കാഴ്ച നടത്തും. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഫെബ്രുവരിയിലാണ് ബ്ലിങ്കന്റെ ചൈനീസ് യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചൈനയുടെ ചാര ബലൂണ്‍ യുഎസിലേക്ക് കടന്നതിനെ തുടര്‍ന്ന് ബ്ലിങ്കന്റെ യാത്ര മാറ്റിവെക്കുകയായിരുന്നു. ചാര ബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഉയര്‍ന്നിരുന്നു. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന തായ്‌വാന്‍ എന്ന സ്വയം ഭരണ ദ്വീപിന്റെ പേരിലും ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ട്.