ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ടെൽ അവീവ് സന്ദർശിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന്റെ ഗാസ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നും, ഗാസയിലേക്കുള്ള സഹായങ്ങൾ എത്തിക്കുന്നതിനായുള്ള പദ്ധതികൾ അമേരിക്കയും ഇസ്രായേലും ആലോചിക്കുന്നതായും ഇതുസംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ യുദ്ധ ഭൂമിയിൽ നിന്ന് സാധാരണ ജനങ്ങളെ മാറ്റി നിർത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
അതിനിടെ ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. 199 പേർ ഹമാസിൻ്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളിൽ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു. ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഗാസയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കെന്ന് യുഎൻ അറിയിച്ചു. ഗാസയിലെ സാധാരണക്കാക്കരെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന റഷ്യൻ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പാസാക്കാനായില്ല. ഹമാസിനെ പേരു പറയാതെയുള്ള റഷ്യൻ പ്രമേയത്തിൽ തീവ്രവാദ പ്രവർത്തനങ്ങളെയും അപലപിക്കുകയും ബന്ദികളെ മോചിപ്പിക്കുക, മാനുഷിക സഹായം ലഭ്യമാക്കുക, സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുക, സിവിലിയൻമാർക്കെതിരായ അക്രമങ്ങൾ തടയുക എന്നിവയാണ് പ്രധാനമായും പരാമർശിക്കുന്നത്.
ഒക്ടോബര്‍ 7 ന് ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ ഗാസയില്‍ തുടര്‍ച്ചയായ വ്യോമാക്രമണം നടത്തിവരികയാണ്. ഏകദേശം പത്ത് ലക്ഷം ആളുകള്‍ വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലിന്റെ ഭാഗത്ത് 1,400-ലധികം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. ഗാസ ഭാഗത്ത് ഇസ്രായേല്‍ ആക്രമണത്തില്‍ 2,670 പേരെങ്കിലും കൊല്ലപ്പെട്ടു. ജനസാന്ദ്രതയേറിയ തീരപ്രദേശങ്ങളിലേക്കുള്ള വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവയുടെ വിതരണവും ഇസ്രായേല്‍ വിച്ഛേദിച്ചിരുന്നു. എന്നാല്‍, തെക്കന്‍ മേഖലകളില്‍ ജലവിതരണം ഞായറാഴ്ച പുനഃസ്ഥാപിച്ചു. ഇതിനിടെ കര ആക്രമണത്തിന് മുന്നോടിയായി ഗാസയുടെ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യവും ആയുധങ്ങള്‍ ശേഖരിക്കുന്നത് വേഗത്തിലാക്കിയിട്ടുണ്ട്.