ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കൾക്കെതിരേ തുടരുന്ന ആക്രമണങ്ങളിൽ തിങ്കളാഴ്ച രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി നർസിംഗ്ഡിയിൽ പലചരക്ക് കടയുടമയായ ശരത് ചക്രവർത്തി മണിയാണ്(40) കൊല്ലപ്പെട്ടത്. ഇതേദിവസം തന്നെ ജഷോറിലെ മണിരാംപൂരിൽ തലയിൽ വെടിയേറ്റ നിലയിൽ പത്രപ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കഴുത്ത് അറുത്ത നിലയിലുമായിരുന്നു.
മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് മണിയെ ആക്രമിച്ചത്. പലാഷ് ഉപാസിലയിലെ ചാർസിന്ദൂർ ബസാറിൽ പലചരക്ക് കട നടത്തുകയായിരുന്നു മണി. അജ്ഞാതരായ അക്രമികൾ മുന്നറിയിപ്പൊന്നും കൂടാതെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ബംഗ്ലാദേശ് വാർത്താ ചാനലായ ബ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്തു. അക്രമത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിയിൽ വെച്ചാണ് മണി മരിക്കുന്നത്.
കഴിഞ്ഞ 18 ദിവസങ്ങൾക്കുള്ളിൽ ഹിന്ദുക്കളായ ആറു പേരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. രാജ്യത്തെ ക്രമസമാധാനപാലനത്തെയും ന്യൂനപക്ഷങ്ങളുടെ സുരക്ഷയും സംബന്ധിച്ച് ഇത് ഗുരുതരമായ ആശങ്കകൾ ആണ് ഉയർത്തുന്നത്.

