കൃത്യമായ രേഖകളില്ലാതെ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടന്നതിന് രണ്ട് ചൈനീസ് പൗരന്മാരെ ബീഹാറിൽ അറസ്‌റ്റ് ചെയ്‌തു. കൃത്യമായ യാത്രാ രേഖകളില്ലാതെയാണ് ഇവരെ കണ്ടെത്തിയത്. ഈസ്‌റ്റ് ചമ്പാരൻ ജില്ലയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്‌ച രാത്രിയോടെ റക്‌സോൾ അതിർത്തിയിലെ ഔട്ട്‌പോസ്‌റ്റിൽ വെച്ചാണ് ഇവരെ അറസ്‌റ്റ് ചെയ്‌തതെന്ന് അസിസ്‌റ്റന്റ് ഫോറിനർ റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ എസ്‌കെ സിംഗ് പറഞ്ഞു.
ഒരു ഓട്ടോറിക്ഷയിൽ അതിർത്തിയിലെത്തിയ ശേഷം ഇവർ കാൽനടയായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നും സിംഗ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, വിദേശികൾ ചൈനയിലെ ജാവോക്‌സിംഗ് പ്രവിശ്യയിൽ നിന്നുള്ള ഷാവോ ജിംഗ്, ഫു കോൺ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി അതിർത്തിക്കപ്പുറത്തുള്ള ബിർഗഞ്ചിലെ ഒരു ഹോട്ടലിൽ അവർ പാസ്‌പോർട്ട് ഉപേക്ഷിച്ചുവെന്നാണ് അവകാശപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു.
പ്രദേശത്തേക്ക് കടക്കാനുള്ള ഇവരുടെ ആവർത്തിച്ചുള്ള ശ്രമങ്ങൾ ദുരൂഹത ഉള്ളതായി പൊലീസ് വെളിപ്പെടുത്തി. അതിനാൽ കൂടുതൽ അന്വേഷണത്തിനും നടപടിക്കുമായി അവരെ ലോക്കൽ പോലീസിന് കൈമാറിയിട്ടുണ്ട്