തുർക്കിയെയും സിറിയയെയും പിടിച്ചുലച്ച ഭൂകമ്പത്തിലും തുടർ ചലനങ്ങളിലും മരണമടഞ്ഞവരുടെ എണ്ണം 34,000ത്തിന് മുകളിൽ എത്തിയതായി റിപോർട്ടുകൾ. അതിനിടെ തുർക്കിയിൽ വീണ്ടും ഭൂകമ്പമുണ്ടായി. 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദുരന്തമുണ്ടായ ഒരാഴ്ച പിന്നിടുമ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇനി ജീവനോടെ ആളുകളെ കണ്ടെത്തുക എന്നത് പ്രയാസമേറിയ കാര്യമാണെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ദുരിതബാധിതപ്രദേശങ്ങളിൽ മോഷ്ടാക്കളും സജ്ജീവമാണ്. മറ്റ് നഗരങ്ങളിൽ നിന്നും എത്തിയവരാണ് കൊള്ളയടിക്കുന്നവർ എന്നാണ് അറിയുന്നത്. പലവ്യാപാരികളും മോഷണം തടയുന്നതിനായി വിൽപ്പനയ്ക്ക് വെച്ചിരുന്ന വസ്തുക്കൾ കടയിൽ നിന്നും ഒഴിപ്പിച്ചു. ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളിലൊന്നായ അന്റാക്യയിൽ ആണ് മോഷണവും സജ്ജീവമായത്.
ഭൂകമ്പത്തെത്തുടർന്ന് എഴുപത് രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനകളും തുർക്കിക്ക് ആശ്വാസം നൽകിയതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോസാൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, യുഎഇ, ഇസ്രായേൽ, റഷ്യ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് സഹായം എത്തിച്ചത്. ഓപ്പറേഷൻ ദോസ്തിലൂടെ വലിയ രീതിയിൽ ഇന്ത്യ രക്ഷാപ്രവർത്തന-ദുരിതാശ്വാസ രംഗത്തുണ്ട്. കൂടുതൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ, ഡോഗ് സ്‌ക്വാഡുകൾ, അവശ്യ സെർച്ച് ആൻഡ് ആക്‌സസ് ഉപകരണങ്ങൾ, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിന്യസിക്കാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു.
ഫെബ്രുവരി 6 ന് പ്രാദേശിക സമയം പുലര്‍ച്ചെ 4.17 നാണ് തുര്‍ക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 ആയിരുന്നു ഈ ഭൂചലനത്തിന്റെ തീവ്രത. ഭൂമിയില്‍ നിന്ന് 18 കിലോമീറ്റര്‍ താഴെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ഇതിന് ഏതാനും മിനിറ്റുകള്‍ക്ക് റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി വീണ്ടും ഭൂചലനം ഉണ്ടായി.ഏകദേശം ഒമ്പത് മണിക്കൂറുകള്‍ക്ക് ശേഷം മൂന്നാമത്തെ തവണ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഉണ്ടായി.