യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പരസ്പര താരിഫ് നയം താൽക്കാലികമായി മരവിപ്പിച്ചു. പ്രാബല്യത്തിൽ വന്ന് വെറും 24 മണിക്കൂറിന് ശേഷമാണ് 90 ദിവസത്തേക്ക് നിർത്തിവെച്ചതായുള്ള പ്രഖ്യാപനം. 75-ലധികം രാജ്യങ്ങൾ അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്തിട്ടില്ലെന്നും അതിനാൽ പരസ്പര താരിഫ് 90 ദിവസത്തെ താൽക്കാലികമായി നിർത്തിവയ്ക്കാൻ അനുമതി നൽകിയെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. എന്നിരുന്നാലും ചൈനയുടെ മേലുള്ള തീരുവ മുമ്പത്തെ 104 ശതമാനത്തിൽ നിന്ന് 125 ശതമാനമായി കുത്തനെ ഉയർത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ട്രംപിൻ്റെ ആഗോള തീരുവ ഒരു വലിയ വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ഭയത്തിന് കാരണമായിരുന്നു. ആഗോള വിപണി മാന്ദ്യത്തിലേക്കും നയിച്ചു. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തിയിരുന്നു. അതേസമയം ചൈനയ്‌ക്കെതിരായ താരിഫ് മുമ്പ് പ്രഖ്യാപിച്ച 104 ശതമാനത്തിൽ നിന്ന് 125 ശതമാനമായി ഉടനടി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ 90 ദിവസത്തെ കാലയളവിൽ, വെറും 10 ശതമാനം നിരക്കിൽ ഗണ്യമായി കുറച്ച പരസ്പര താരിഫ് പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.
“വ്യാപാരം, വ്യാപാര തടസ്സങ്ങൾ, താരിഫുകൾ, കറൻസി കൃത്രിമത്വം, പണേതര താരിഫുകൾ എന്നിവയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾക്ക് പരിഹാരം കാണാൻ 75-ലധികം രാജ്യങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രതിനിധികളെ വിളിച്ചിട്ടുണ്ട് എന്ന വസ്തുതയെ അടിസ്ഥാനമാക്കി, ഈ രാജ്യങ്ങൾ എന്റെ ശക്തമായ നിർദ്ദേശപ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരെ ഒരു തരത്തിലും, ഒരു രൂപത്തിലും പ്രതികാരം ചെയ്തിട്ടില്ല എന്ന വസ്തുതയെ അടിസ്ഥാനമാക്കി, ഞാൻ 90 ദിവസത്തെ താൽക്കാലിക മരവിപ്പിക്കൽ അനുവദിച്ചു.” അദ്ദേഹം TruthSocial-ൽ കുറിച്ചു.
“ലോക വിപണികളോട് ചൈന കാണിച്ച ബഹുമാനക്കുറവിന്റെ അടിസ്ഥാനത്തിൽ, അമേരിക്ക ചൈനയ്ക്ക് ഈടാക്കുന്ന തീരുവ 125% ആയി ഞാൻ ഇതിനാൽ ഉയർത്തുന്നു, ഇത് ഉടനടി പ്രാബല്യത്തിൽ വരും. എപ്പോഴെങ്കിലും, സമീപഭാവിയിൽ, യുഎസ്എയെയും മറ്റ് രാജ്യങ്ങളെയും പറിച്ചെടുക്കുന്ന ദിവസങ്ങൾ ഇനി സുസ്ഥിരമോ സ്വീകാര്യമോ അല്ലെന്ന് ചൈന മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാം,” ഡൊണാൾഡ് ട്രംപ് എഴുതി.
ബുധനാഴ്ച മുതൽ യുഎസിന്റെ വ്യാപാര പങ്കാളികൾക്ക് മേൽ ഡൊണാൾഡ് ട്രംപിന്റെ ‘പരസ്പര’ താരിഫുകൾ പ്രാബല്യത്തിൽ വന്നിരുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കനത്ത തീരുവ ചുമത്തിയത് ആഗോള വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടി. ഇതിന് ശക്തമായ പ്രതികരണമായി, അതേ ദിവസം തന്നെ ചൈന യുഎസ് ഉൽപ്പന്നങ്ങൾക്ക് 84 ശതമാനം തീരുവ ചുമത്തി, താരിഫ് യുദ്ധം അവസാനം വരെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ വഷളാക്കിക്കൊണ്ടാണ്, ബീജിംഗ് നിരവധി യുഎസ് കമ്പനികൾക്ക് കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. യുഎസ് താരിഫുകൾ ആഗോള വ്യാപാര സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് മുന്നറിയിപ്പ് നൽകി ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) പുതിയ പരാതി നൽകി.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പ്രതികാര താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റിന്റെ താരിഫ് താൽക്കാലികമായി നിർത്തൽ പ്രഖ്യാപനം വന്നത്. ചൈനയും കാനഡയും ചേർന്ന്, 27 അംഗ കൂട്ടായ്മ ട്രംപിന്റെ താരിഫുകൾക്കെതിരെ അടുത്ത ആഴ്ച ആദ്യ പ്രതികാര നടപടികൾ ആരംഭിക്കുമെന്ന് പറഞ്ഞു, നിരവധി യുഎസ് ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ചുമത്തി.