തിരഞ്ഞെടുപ്പിൽ ബിജെപി നിർണായക ശക്തിയാകുമെന്നും, എൽഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യുഡിഎഫിനും എല്‍ഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം കിട്ടുന്ന ജനവിധിയായിരിക്കില്ല മെയ് 4ന് ഫലം വരുമ്പോഴെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാനത്ത് തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിർണായക ശക്തിയാകുമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തിരുവനന്തപുരം, കവടിയാർ ജവഹർ നഗർ എൽപിഎസിലെ 110ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസിത കേരളമെന്ന എന്‍ഡിഎ കാഴ്ചപ്പാട് ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായി വലിയ മാറ്റം സൃഷ്ടിക്കുമെന്ന ആത്മവിശ്വാസമുണ്ട്. നിയമസഭയില്‍ പോയി ബഹളംവയ്ക്കാനും കമ്പ്യൂട്ടര്‍ തകര്‍ക്കാനും സ്പീക്കറുടെ ടേബിളില്‍ കയറി ഭരതനാട്യം ചെയ്യാനുമല്ല ബിജെപി അവസരം അഭ്യര്‍ത്ഥിക്കുന്നതെന്നും നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥികൂടിയായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
‘ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് വോട്ട് തേടുന്നത്. അതിനുവേണ്ടിയാണ് മത്സരിക്കുന്നത്. കേരളം മാറണം. മാറാത്തത് മാറ്റണം. സംസ്ഥാനം വളരണം, നേമത്ത് വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. മാറ്റം ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. അത് മെയ് നാലിന് അറിയാം’ – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘140 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കും ആശംസകള്‍ നേരുന്നു.
ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്. നാടിന്റെയും നാട്ടുകാരുടെയും ഭാവി തീരുമാനിക്കാനുള്ള അവസരമാണിത്. എല്ലാവരും തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ചെയ്യണം. ബിജെപി മുന്നോട്ടുവെയ്ക്കുന്ന വികസിത കേരളമെന്ന കാഴ്ചപ്പാട് ആത്മാര്‍ഥമായി എല്ലാവര്‍ക്ക് മുന്നിലും വിശദീകരിച്ചിട്ടുണ്ട്. ഇത് നിര്‍ണായകമായ തിരഞ്ഞെടുപ്പാണെന്ന് മനസ്സിലാക്കി ജനം അത് ഏറ്റെടുത്തിട്ടുണ്ട്’ – രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചു.
ഇന്ന് സന്തോഷത്തിന്റെ ദിവസമാണെന്നും വിവാദങ്ങള്‍ വേണ്ടെന്നുമായിരുന്നു പാലക്കാട്ട് ശോഭ സുരേന്ദ്രനെതിരെ ഉയര്‍ന്ന വോട്ടിന് കോഴ ആരോപണം സംബന്ധിച്ച ചോദ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. അത് പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസുമുണ്ടെന്നും അവര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കട്ടെ എന്നുമായിരുന്നു മറുപടി.

