ദില്ലി: സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും, ഹിന്ദു സംസ്കാരത്തിന് എല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിതരീതിയാണ് ഉള്ളതെന്ന് ഓർക്കണമെന്നും കോടതി ഹർജിക്കാരനെ വിമർശിച്ചു.
ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണെന്നും ഇത് അങ്ങേയറ്റം ക്രൂരമാണെന്നും പറഞ്ഞ കോടതി രാജ്യം വീണ്ടും തിളച്ചു മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എന്നും ഹർജിക്കാരനോട് ചോദിച്ചു. സുപ്രീംകോടതി ജസ്റ്റിസ് കെ എം ജോസഫ് ആണ് ഹർജി പരിശോധിച്ചത്. ഹർജിക്കാരൻ ബ്രിട്ടീഷുകാരുടെ ഭരണരീതിയാണോ ഉദ്ദേശിക്കുന്നത് എന്നും ഭൂതകാലത്തിന്റെ ജയിലിൽ ഇനിയും കഴിയാൻ ആകില്ല എന്നും സമൂഹത്തിൽ നാശം സൃഷ്ടിക്കാനുള്ള ഒരു ഉപകരണമായി കോടതിയെ മാറ്റാൻ ശ്രമിക്കരുതെന്നും ശക്തമായ ഭാഷയിൽ കോടതി പറഞ്ഞു.
കേരളത്തിൽ ഹിന്ദു രാജാക്കന്മാർ മറ്റു മതങ്ങൾക്ക് ആരാധനാലയങ്ങൾ പണിയാൻ ഭൂമി കൊടുത്ത ചരിത്രമുണ്ടെന്നും ജസ്റ്റിസ് കെ എം ജോസഫ് ഹർജിക്കാരനെ ഓർമിപ്പിച്ചു.