ട്രെയിന്‍ അപകടം നടന്ന ഒഡീഷയിലെ ബാലാസോറില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. അപകടസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളും പ്രധാനമന്ത്രി സന്ദര്‍ശിക്കും. സംഭവ സ്ഥലത്തുള്ള റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തുന്നുണ്ട്.
ഷാലിമാറില്‍നിന്നു ചെന്നൈയിലേക്കു വരികയായിരുന്ന കോമറന്‍ഡല്‍ എക്‌സപ്രസും ബംഗളൂരു-ഹൗറ എക്‌സ്പ്രസും നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമാണ് ഇന്നലെ 7 മണിയോടെ അപകടത്തില്‍പ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്. 280 പേര്‍ മരിക്കുകയും 1000 ത്തിൽ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുകയാണ്. ഒഡിഷയുടെ നാല് ദ്രുതകര്‍മസേനാ യൂണിറ്റുകളും 15 അഗ്നിരക്ഷാ സേനാ യൂണിറ്റുകളും 30 ഡോക്ടര്‍മാര്‍, 200 പോലീസുകാര്‍, 60 ആംബുലന്‍സുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഒഡിഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ് പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അപകട സ്ഥലത്തെത്തും. മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. തമിഴ്‌നാട് മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, ശിവ ശങ്കര്‍, അന്‍ബില്‍ മഹേഷ് എന്നിവര്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ റെയില്‍വെ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപയും നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും.