കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്‌മയിൽ നിഹാൽ നൗഷാദ് (11) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.
എ ബി സി പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. തികച്ചും ദാരുണമായ, മനസ്സുലക്കുന്ന സംഭവമാണിതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാർ കെ വി മനോജ് കുമാർ പറഞ്ഞു. ജൂലൈയിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഞായറാഴ്ച വൈകീട്ട് അഞ്ചരമുതൽ ഓട്ടിസം ബാധിച്ച്, സംസാരശേഷി കുറഞ്ഞ കുട്ടിയെ കാണാനില്ലായിരുന്നു. പിന്നീട് രാത്രി എട്ടോടെയാണ് 300 മീറ്റർ അകലെയുള്ള ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുപറിച്ചിട്ടുണ്ട്. അരയ്ക്ക് താഴെ മുഴുവൻ മുറിവുകളുണ്ട്.