ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും രാജ്ഭവന്റെയും സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തു. ഇനി സി.ആര്‍.പി.എഫ് ആയിരിക്കും സുരക്ഷ ഒരുക്കുക. ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി. 30 സിആര്‍പിഎഫ് ജവാന്മാരാണ് രാജ് ഭവനിലേക്ക് എത്തിയത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ സിആര്‍പിഎഫിന് കൈമാറി Z+ കാറ്റഗറിയിലേക്ക് ഉയര്‍ത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിആര്‍പിഎഫ് സ്ഥലത്തെത്തിയത്.
കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്കും രാജ്ഭവനും പുതുതായി ഏര്‍പ്പെടുത്തിയത്. എസ്‌പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് Z പ്ലസ്. ഈ സുരക്ഷാ സംവിധാനത്തിൽ സിആര്‍പിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും. മുഴുവൻ സമയവും ഈ സംഘം സുരക്ഷയൊരുക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ദേശീയ സുരക്ഷാ ഗാർഡ് (NSG) കമാൻഡോകളുടെ അധിക പരിരക്ഷയും നൽകും. സുരക്ഷാ സംവിധാനത്തിൽ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്കോർട്ടും ഉൾപ്പെടും. 2022 വരെ 45 പേർക്കാണ് രാജ്യത്ത് Z പ്ലസ്. രാഹുൽ ഗാന്ധിക്കും ഈ സുരക്ഷ സംവിധാനമാണ്.
കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് നടപടി. പ്രതിഷേധത്തിന് പിന്നാലെവാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍, പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത് എഫ്‌ഐആര്‍ രേഖകള്‍ കാണിച്ച ശേഷമായിരുന്നു മടങ്ങിയത്.