ദൃശ്യങ്ങൾ വെട്ടിച്ചുരുക്കി വിവാദ സിനിമ ‘ദി കേരള സ്റ്റോറി’ നാളെ റിലീസ് ചെയ്യും. സെൻസർ ബോർഡ് നിർദേശപ്രകാരം 41 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ആണ് സിനിമയിൽ നിന്ന് നീക്കിയിരിക്കുന്നത്. മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിമുഖത്തിന്റെ ഭാഗമാണു നീക്കം ചെയ്തതിൽ പ്രധാനം. പാക്കിസ്ഥാൻ വഴി അമേരിക്ക സാമ്പത്തിക സഹായം നൽകുന്നു’ എന്ന സംഭാഷണം, കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പൂജാ കർമങ്ങൾ ചെയ്യുന്നില്ല എന്നുള്ള ഭാഗം, ഇന്ത്യൻ കമ്യൂണിസ്റ്റുകളാണ് ഏറ്റവും വലിയ ഇരട്ടത്താപ്പുകാർ എന്ന സംഭാഷണത്തിലെ ഇന്ത്യൻ എന്ന ഭാഗം, ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും അനുചിത പരാമർശങ്ങളും, ‘രൺദിയാൻ’ എന്ന പരാമർശം ‘ലൈംഗിക അടിമകൾ’ എന്നാക്കി മാറ്റി 2 മണിക്കൂർ 19 മിനിറ്റ് ദൈർഘ്യമുള്ള സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ് അനുവദിച്ചിരിക്കുന്നത്.
അതേസമയം സിനിമയിലെ ഐഎസ്ഐഎസ്, ഔറംഗസേബ്, ആലംഗീർ എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങൾക്കു സെൻസർ ബോർഡ് തെളിവു വാങ്ങി. സിനിമയിൽ പരാമർശിച്ചിരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കും തെളിവു ശേഖരിച്ചു. സബ്ടൈറ്റിൽ പരിഷ്കരിക്കുകയും മലയാള ഗാനത്തിനു സബ്‍ടൈറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനിടെ, സിനിമ തമിഴ്നാട്ടിൽ പ്രദർശിപ്പിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾക്കും പ്രതിഷേധത്തിനും സാധ്യതയെന്നു രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പു നൽകി. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. മദ്രാസ് ഹൈക്കോടതിയിലും ചിത്രത്തിനെതിരെ ഹർജിയുണ്ട്.
സിനിമയുടെ പ്രദർശനവും റിലീസും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജം ഇയ്യത്തുൽ ഉലമായെ ഹിന്ദ് നൽകിയ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. പകരം കേരള ഹൈക്കോടതിയെ സമീപിക്കാനും അപേക്ഷ നൽകിയാൽ കേസ് ഇന്നു തന്നെ പരിഗണിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. എന്നാൽ സിനിമയുടേതു സാങ്കൽപിക കഥയാണെന്ന മുന്നറിയിപ്പു കൂടി ചേർക്കണമെന്ന ആവശ്യം നിർമാതാവ് വിപുൽ അമൃത്‍ലാൽ ഷാ അംഗീകരിച്ചില്ല.