ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സ് (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓപ്പന്‍ഹൈമർ ഏഴ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ആറ്റം ബോംബുകളുടെ പിതാവ് എന്നറിയപ്പെടുന്ന ഭൗതിക ശാസ്ത്രജ്ഞന്‍ ജെ റോബര്‍ട്ട് ഓപ്പന്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ബയോപിക് ചിത്രം ഓപ്പന്‍ഹൈമര്‍ ആണ് പുരസ്‌കാരവേദിയിലെ താരം. മികച്ച സിനിമ, മികച്ച നടന്‍, മികച്ച സഹനടന്‍ ഒറിജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം, എഡിറ്റിങ്, എന്നീ പുരസ്‌കാരങ്ങളും ഓപ്പന്‍ഹൈമര്‍ സ്വന്തമാക്കി. നടി ദീപിക പദുക്കോണും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ദ സോണ്‍ ഓഫ് ഇന്ററസ്റ്റിന്റെ സംവിധായകന്‍ ജോനാഥന്‍ ഗ്ലേസറിന് പുരസ്‌കാരം സമ്മാനിച്ചത് ദീപികയാണ്.
ഓപ്പണ്‍ഹൈമറെ അവതരിപ്പിച്ച കിലിയന്‍ മര്‍ഫി മികച്ച നടനായി. റോബര്‍ട്ട് ഡൗണി ജൂനിയറെ മികച്ച സഹനടനായി തിരഞ്ഞെടുത്തു. ക്രിസ്റ്റഫര്‍ നോളനാണ് മികച്ച സംവിധായകന്‍. ഇതാദ്യമായാണ് നോളന്‍ ബാഫ്ത പുരസ്‌കാരം നേടുന്നത്. യോര്‍ഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ‘പുവര്‍ തിങ്സ് മികച്ച നടിയടക്കം അഞ്ച് പുരസ്‌കാരങ്ങള്‍ നേടി. പുവര്‍ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോണിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. കോസ്റ്റ്യും ഡിസൈനര്‍, മേക്കപ്പ് ആന്‍ഡ് ഹെയര്‍, സ്പെഷ്യല്‍ വിഷ്വല്‍ എഫക്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നീ പുരസ്‌കാരങ്ങളും പുവര്‍ തിങ്സ് സ്വന്തമാക്കി
അലക്‌സാണ്ടന്‍ പൈന്‍ സംവിധാനം ചെയ്ത ദ ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. മികച്ച കാസ്റ്റിങ്ങിനും ചിത്രം പുരസ്‌കാരം നേടി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഓഷ്വിട്സിന്റെ സമീപത്തുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കമാന്‍ഡറുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് മികച്ച ബ്രിട്ടീഷ് സിനിമയായി. യാവോ മിയാസാക്കിയുടെ ദ ബോയ് ആന്‍ഡ് ഹെറോണ്‍ മികച്ച ആനിമേറ്റഡ് സിനിമ പുരസ്‌കാരം നേടുന്ന ആദ്യത്തെ ജാപ്പനീസ് സിനിമയായി. കോര്‍ട്ട് റൂം സിനിമയായി ഏറെ ശ്രദ്ധിക്കപ്പെട്ട അനാട്ടമി ഓഫ് എ ഫോളും അമേരിക്കന്‍ ഫിക്ഷനും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നേടി.